ഝാൻസി: കേരള എക്‌സ്‌പ്രസിൽ കനത്ത ചൂടിനെത്തുടർന്ന് നാലുപേർ മരിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. കേരള എക്‌സ്‌പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തിരുന്ന കോയമ്പത്തൂർ സ്വദേശികളായ നാലുപേരാണ് മരിച്ചത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ആതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് ഝാൻസിയിൽ 48.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. വാരണാസിയും ആഗ്രയും സന്ദർശിച്ച് കോയമ്പത്തൂരിലേക്ക് മടങ്ങുന്ന 68 അംഗ സംഘത്തിലുള്ളവരാണ് മരിച്ചത്. ചൂട് മൂലം ഈ മാസം ഏഴാം തീയതി ഖുശിനഗർ എക്‌സ്‌പ്രസിൽ രാജേഷ് ഗുപ്ത എന്നയാളും ഒന്നാം തീയതി യുപി ജൻസമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിൽ സീത എന്ന പെൺകുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.