income-tax-department

ന്യൂഡൽഹി:അഴിമതിക്കെതിരെയുള്ള മോദിസർക്കാരിന്റെ ശക്തമായ നടപടികളുടെ ഭാഗമായി ആദായനികുതി വകുപ്പിലെ ചീഫ് കമ്മിഷണർമാർ ഉൾപ്പെടെ പന്ത്രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നിർബന്ധിത റിട്ടയർമെന്റ് നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിട്ടു. ഇന്ത്യൻ റവന്യൂ സർവീസ് ( ആദായനികുതി ) ഉദ്യോഗസ്ഥരെയാണ് ധനമന്ത്രാലയത്തിന്റെ ചട്ടം 56 ( ജെ ) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് രാഷ്‌ട്രപതി പിരിച്ചു വിട്ടത്. ഇൻകം ടാക്‌സ് ചീഫ് കമ്മിഷണർ,​ പ്രിൻസിപ്പൽ കമ്മിഷണർ,​ കമ്മിഷണർ,​ ജോയിന്റ് കമ്മിഷണർ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അഴിമതി,​ പണംപിടുങ്ങൽ,​ അവിഹിത സ്വത്ത് സമ്പാദിക്കൽ,​ ലൈംഗിക പീഡനം,​ സഹപ്രവർത്തകരുടെ പ്രൊമോഷൻ തടഞ്ഞുവയ്‌ക്കൽ,​ കാര്യപ്രാപ്‌തി ഇല്ലായ്‌മ, പെരുമാറ്റദൂഷ്യം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.

പൊതുതാൽപര്യം കണക്കിലെടുത്ത് ഈ ഉദ്യോഗസ്ഥർക്ക് ഇന്നലെ ഉച്ച മുതൽ രാഷ്‌ട്രപതി നിർബന്ധിത റിട്ടയർമെന്റ് നൽകിയതായി ധനമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

ഇവർക്ക് റിട്ടയർമെന്റിന് തൊട്ടുമുൻപത്തെ നിരക്കിൽ മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും നൽകും.

ചട്ടപ്രകാരം മൂന്ന് മാസത്തെ നോട്ടീസ് നൽകിയോ അതിന് പകരം മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ നൽകിയോ പിരിച്ചു വിടാം. ഇവരുടെ കാര്യത്തിൽ അടിയന്തര പ്രാബല്യത്തോടെ നടപടിക്കാണ് രാഷ്‌ട്രപതി ഉത്തരവിട്ടത്.

നിർബന്ധിത റിട്ടയർമെന്റ് നൽകേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഉടൻ തയ്യാറാക്കാൻ കാബിനറ്റ് സെക്രട്ടേറിയേറ്റും കേന്ദവിജിലൻസ് കമ്മിഷനും വിവിധ വകുപ്പകളിലെ വിജിലൻസ് മേധാവികളോട് കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു.

ഐ. എ. എസുകാരായ എം. എൻ. വിജയകുമാർ, കെ. നരസിംഹ, ഐ. പി. എസുകാരായ മയാങ്ക് ശീൽ ചോഹാൻ, രാജ്കുമാർ ദേവാംഗൻ എന്നിവരെ അടുത്തിടെ ഈ ചട്ടപ്രകാരം സർവീസിൽ നിന്ന് നീക്കിയിരുന്നു.

പുറത്തായവർ

അശോക് അഗർവാൾ ( ആദായനികുതി ജോയിന്റ് കമ്മിഷണർ) രണ്ട് വർഷം മുൻപ് മരണമടഞ്ഞ ആൾദൈവം ചന്ദ്രസ്വാമിയുടെ കൂട്ടാളികളായിരുന്ന ബിസിനസുകാരിൽ നിന്ന് പണം പിടുങ്ങിയ കേസിൽ പ്രതി.

എസ്. കെ ശ്രീവാസ്‌തവ (ആദായനികുതി കമ്മിഷണർ ( അപ്പീൽ )

കമ്മിഷണർ റാങ്കിലുള്ള രണ്ട് വനിതാ ഐ. ആർ. എസ് ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിച്ചു

ഹോമി രാജ്‌വംശ് (ഐ. ആർ. എസ് 1985 )

തന്റെയും ബന്ധുക്കളുടെയും പേരിൽ മൂന്ന് കോടിയിൽ പരം രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു.

അജോയ് കുമാർ സിംഗ്, അലോക് കുമാർ മിത്ര, ചന്ദർ സയ്‌നി ഭാരതി, ആന്ദാശു രവീന്ദർ, വിവേക് ബത്ര, ശ്വേതാഭ് സുമൻ, രാംകുമാർ ഭാർഗവ തുടങ്ങിയവരാണ് പിരിച്ചുവിടപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ.