cot-naseer

തലശേരി : തനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ എ.എൻ. ഷംസീർ എം.എൽ.എയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്ന് രണ്ടുതവണ മൊഴിയെടുത്ത സി.ഐ വിശ്വംഭരനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ വസ്‌തുതയ്‌ക്ക് നിരക്കാത്തതാണെന്നും സി.ഒ.ടി. നസീർ മാദ്ധ്യമങ്ങളോടു പറഞ്ഞു. പിടിക്കപ്പെട്ട പ്രതികൾക്ക് തന്നോട് വ്യക്തിപരമായ വിദ്വേഷമില്ല. ഇവരെ ആസൂത്രിതമായി കൂട്ടിയോജിപ്പിക്കാതെ തനിക്ക് നല്ല ബന്ധമുള്ള നാട്ടിൽ വച്ച് ആക്രമിക്കാനാവില്ല. പല തവണ തന്നെ ആക്രമിക്കാൻ ശ്രമം നടന്നെങ്കിലും സാഹചര്യം പ്രതികൂലമായതിനാൽ വഴിമാറി പോവുകയായിരുന്നു. എം.എൽ.എ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. കാമറാ ദൃശ്യങ്ങൾ വ്യക്തമായ തെളിവുകളുമാണ്. താൻ കോൺഗ്രസിലേക്ക് പോവുകയാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. അക്രമ രാഷ്ട്രീയത്തിനെതിരെ സഹായവാഗ്‌ദാനങ്ങളുമായി പലരും സമീപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കേസ് അട്ടിമറിച്ചാൽ നിയമത്തിന്റെ വഴിയിലൂടെ തുടർനടപടി സ്വീകരിക്കുമെന്നും നസീർ പറഞ്ഞു.

കീഴടങ്ങിയ പ്രതികൾ

പൊലീസ് കസ്റ്റഡിയിൽ
നസീറിനെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ കീഴടങ്ങിയ കൊളശ്ശേരിയിലെ റോഷൻ, വേറ്റുമ്മലിലെ സോജിൻ എന്നിവരെ തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഡൊണാൾഡ് സെക്യൂറ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇനിയും പിടികിട്ടാനുള്ള മുഖ്യപ്രതികളായ കൊളശ്ശേരിയിലെ ജിത്തു ബ്രിട്ടോ, മിഥുൻ എന്നിവർ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചിരുന്നു.