കണ്ണൂർ: ആലത്തൂർ എം.പി രമ്യ ഹരിദാസിന്റെ പരാതിയെപ്പറ്റി ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. വനിതാ കമ്മിഷന് മേൽ രാഷ്ട്രീയ സമ്മർദമില്ലെന്നും ഏത് കൊലകൊമ്പനായാലും ചെയ്യേണ്ടത് ചെയ്യുമെന്ന് ജോസഫൈൻ പറഞ്ഞു.
'രമ്യയുടെ പരാതിയിൽ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ഇനിയൊന്നും പറയാനില്ല. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. അതിന് ശേഷവും എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. കമ്മിഷൻ സിറ്റിങ്ങിൽ അതത് ജില്ലകളിലെ ചോദ്യങ്ങളാണ് മാദ്ധ്യമപ്രവർത്തകർ ചോദിക്കേണ്ടത്. സ്ത്രീകളുടെ പ്രശ്നങ്ങളിൽ കമ്മിഷൻ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യും'- ജോസഫൈൻ പറഞ്ഞു.
തനിക്കെതിരെ മോശം പരാമർശം നടത്തിയ എ.വിജയരാഘവനെതിരെ വനിതാ കമ്മിഷൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, കമ്മിഷൻ രാഷ്ട്രീയം കളിക്കുകയാണെന്നും രമ്യ ഹരിദാസ് ആരോപിച്ചിരുന്നു. രമ്യയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും വനിത കമ്മിഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.