ലണ്ടൻ: ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഓപ്പണർ ശിഖർ ധവാന് പരിക്ക്. ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പേസർ നാഥാൻ കോൾട്ടർ നില്ലിന്റെ ബൗൺസർ കൊണ്ടാണ് ധവാന്റെ ഇടത്തേ കൈയിലെ തള്ളവിരലിലിന് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ സ്കാനിംഗിൽ ധവാന്റെ വിരലിന് നേരിയ പൊട്ടലുണ്ടെന്ന് വ്യക്തമായി. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. അതേസമയം ധവാനെ ടീമിൽ നിലനിറുത്തുമെന്ന് ഇന്നലെ വൈകിട്ട് ബി.സി.സി.ഐ ട്വിറ്രറിലൂടെ വ്യക്തമാക്കി.ഒരാഴ്ച അദ്ദേഹം ബി.സി.സി.ഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ട്വീറ്രിൽ പറയുന്നു. പുരോഗതയില്ലെങ്കിൽ മാത്രമേ പകരക്കാരനെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരമാനമെടുക്കൂ.
നാളെ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും 16 ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിലും ധവാന് കളിക്കാനാകില്ലെന്ന് ഉറപ്പാണ്. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ജൂലായ് 2ന് ബംഗ്ലാദേശിനെതിരെയോ 6 ന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലേക്കോ ആണ് ധവാനെ പരിഗണിക്കാൻ കഴിയൂ. ധവാന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറാകാനാണ് സാധ്യത.
ഐ.സി.സി യുടെ ടൂർണമെന്റുകളിൽ മികച്ച റെക്കാഡുള്ള ധവാൻ കഴിഞ്ഞ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ സെഞ്ചറിയുമായി ഇന്ത്യയുടെ വിജശില്പിയായിരുന്നു. പരിക്കേറ്റിട്ടും അത് വകവയ്ക്കാതെ ബാറ്റിംഗ് തുടർന്നാണ് ധവാൻ 117 റൺസുമായി കളിയിലെ താരമായത്. എന്നാൽ ആസ്ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോൾ ധവാൻ ഫീൽഡിംഗിന് ഇറങ്ങിയില്ല. ജഡേജയാണ് അമ്പതോവറും ധവാന് പകരം ഫീൽഡ് ചെയ്തത്. ഫോം വീണ്ടെടുത്ത ധവാന് പറ്റിയ അപ്രതീക്ഷിത പരിക്ക് ഇന്ത്യൻ ടീമിനെയും ആരാധകരെയും നിരാശയിൽ ആഴ്ത്തി.
ധവാന് പകരം റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരിൽ ആരെയെങ്കിലും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.