ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ പൗരന്മാരെല്ലാം സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാന്റെ ബഡ്ജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് നിർദ്ദേശം.
ബിനാമി സ്വത്തുക്കൾ, ബിനാമി അക്കൗണ്ടുകൾ, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ജൂൺ 30ന് മുമ്പ് വെളിപ്പെടുത്തണം. ബിനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസിയുടെ പക്കലുണ്ടെന്നും ജൂൺ 30ന് ശേഷം ആർക്കും അവസരം നൽകില്ലെന്നുമാണ് ഇമ്രാൻഖാന്റെ മുന്നറിയിപ്പ്.
റിയൽ എസ്റ്റേറ്റ് ഒഴികെ പാകിസ്ഥാനിലുള്ള ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കിൽപ്പെട്ട സ്വത്തുക്കളായി മാറ്റാം. പാകിസ്ഥാനിലെ ബാങ്കുകളിൽ ബിനാമി പേരുകളിൽ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള പണം എന്നിവയ്ക്ക് ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
'നികുതി അടച്ചില്ലെങ്കിൽ രാജ്യത്തിന് മുന്നോട്ടു പോകാനാകില്ല. കഴിഞ്ഞ 10 വർഷം കൊണ്ട് പൊതുകടം 2.85 ലക്ഷം കോടിയിൽ നിന്നു 14.25 കോടിയായി ഉയർന്നു. രാജ്യത്ത് നികുതിയായി പിരിക്കുന്ന തുകയുടെ ഭൂരിഭാഗവും കടം വീട്ടാനുപയോഗിക്കേണ്ട സ്ഥിതിയാണുള്ളതെന്നും' പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പ്രതിരോധ ബഡ്ജറ്റ് വിഹിതത്തിൽ കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.