news

1. കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തിരച്ചില്‍ നടക്കുക ആയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വന പ്രദേശവും ആയതിനാല്‍ പലപ്പോഴും തിരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.
2. സീറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോള്‍ തേലക്കാടിനും, ഫാ. ആന്റണി കല്ലൂക്കാരനും ആണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല എന്ന് സെഷന്‍സ് കോടതി. ജാമ്യം അനുവദിച്ചത് ഉപാധികളോടെ. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം.
3. അതേസമയം ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍. എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യം എന്ത് എന്ന് ചോദിച്ച കോടതി, വ്യാജരേഖ നിര്‍മ്മിച്ചു എന്ന ഐ.പി.സി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ല എന്നും വ്യക്തമാക്കി
4. കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ എം പാനല്‍ പെയിന്റിംഗ് തൊഴിലാളികളെയും ഉടന്‍ പിരിച്ചു വിടണം എന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്. ജൂണ്‍ 30ന് അകം എം. പാനല്‍ പെയിന്റര്‍മാരെ പിരിച്ചു വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തത്സ്ഥിതി റിപ്പോര്‍ട്ട് കൈമാറാന്‍ ആണ് നിര്‍ദ്ദേശം. നിലവില്‍ 90 താത്കാലിക പെയിന്റര്‍മാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. നേരത്തെ ആയിരത്തില്‍ ഏറെ വരുന്ന എം പാനല്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരേയും സമാനമായ രീതിയില്‍ പിരിച്ചു വിട്ട് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു


5. ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അറസ്റ്റ് ഭരണഘടനാ വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രശാന്തിന് ഉടന്‍ ജാമ്യം നല്‍കാന്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് ആണ് യു.പി പൊലീസ് നടപടി. ട്വീറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാല്‍ അറസ്റ്റ് എന്ത് അടിസ്ഥാനത്തില്‍ എന്നും സുപ്രീംകോടതിയുടെ ചോദ്യം
6. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ആയിരുന്നു അറസ്റ്റ്. ഐ.പി.സി 500, ഐ.ടി നിയമം 67 എന്നിവ പ്രകാരം ആയിരുന്നു നടപടി. മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമായിരുന്നു. ഡല്‍ഹി സ്വദേശി പ്രശാന്ത് കനോജി ശനിയാഴ്ച ആണ് അറസ്റ്റില്‍ ആയത്. സംഭവത്തില്‍ പ്രതിഷേധിച്ച് മാദ്ധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഡല്‍ഹിയില്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു
7. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് സഞ്ചരിക്കാനായി പാകിസ്ഥാന്‍ വ്യോമപാത തുറന്ന് കൊടുത്തേക്കും. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനം. എസ്.സി.ഒ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനേ ആയി മോദിക്ക് കിര്‍ഗിസ്ഥാനിലേക്ക് പോകുന്നതിന് ആണ് വ്യോമപാത തുറന്ന് നല്‍കാമോ എന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചത്. ഫെബ്രുവരി 26 ലെ ബാലാകോട്ട് ആക്രമണത്തിന് ശേഷം വ്യോമാതിര്‍ത്തി അടച്ചിടാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുക ആയിരുന്നു
8. ഈ മാസം 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനിലെ ബിഷ്‌കേകിലാണ് ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ നടക്കുന്നത്. കഴിഞ്ഞ മാസം 21 ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമസ്വരാജിന് കിര്‍ഗിസ്ഥാനിലേക്ക് പോകാനായും ഇന്ത്യന്‍ അഭ്യര്‍ത്ഥനപ്രകാരം പാകിസ്ഥാന്‍ വ്യോമപാത തുറന്ന് നല്‍കിയിരുന്നു. മോദിക്കായി തുറന്ന് നല്‍കുമെങ്കിലും മറ്റ് വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെ പറക്കാനുള്ള അനുമതി തല്‍ക്കാലം നല്‍കാനിടയില്ല
9. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി ആണ് എന്നാണ് 2015-ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിന് ഉണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
10. പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍. പാലം നിര്‍മ്മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ല എന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാലത്തിന്റെ ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത ഉണ്ടായി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.