കൊൽക്കത്ത: ബംഗാൾ നവോത്ഥാന നായകൻ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന വാക്കു പാലിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വിദ്യാസാഗറിന്റെ പുതിയ അർദ്ധകായ പ്രതിമ ഇന്നലെ കോളേജ് സ്ട്രീറ്റിലെ ഹാരെ സ്‌കൂൾ ഗ്രൗണ്ടിൽ അനാവരണം ചെയ്തു. പിന്നീടിത് വിദ്യാസാഗർ കോളേജിൽ പഴയ പ്രതിമയുണ്ടായിരുന്നിടത്ത് സ്ഥാപിക്കും. രാഷ്ട്രീയസിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മേയ് 14ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായുടെ റോഡ് ഷോ കടന്നു പോയതിന് പിന്നാലെയുണ്ടായ തൃണമൂൽ-ബി.ജെ.പി സംഘർഷത്തിനിടയിലാണ് വിദ്യാസാഗർ കോളേജിൽ സ്ഥാപിച്ചിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. പുതിയ പ്രതിമ എത്രയും വേഗം നിർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം മമത തള്ളിക്കളഞ്ഞിരുന്നു.