തിരുവനന്തപുരം : സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ (യു.എൻ.എ) സാമ്പത്തിക തട്ടിപ്പ് നടന്നെന്ന പരാതിയിൽ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായാണ് കേസിലെ ഒന്നാം പ്രതി. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് അംഗീകരിച്ച് ഡി.ജി.പിയാണ് കേസെടുക്കാൻ നിർദ്ദേശം നല്‍കിയത്.
സംഘടനയുടെ സാമ്പത്തിക ഇടപാടിൽ മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാൻകോവിൽ പരൂർക്കുഴി മേലേപാണുവിൽ വീട്ടിൽ സിബി മുകേഷാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നഴ്സുമാരുടെ അംഗത്വ ഫീസായും കേരളത്തിലെ പ്രളയ ദുരന്ത സമയത്തും പിരിച്ച തുകയും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോട് തൃശൂർ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
എന്നാൽ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കണ്ടെത്താൻ അന്ന് സാധിച്ചിരുന്നില്ല. തുടർന്ന് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിച്ചിരുന്നു. എന്നാൽ മൂന്നരക്കോടിയുടെ ക്രമക്കേടായതുകൊണ്ട് സംഘടനയുടെ വരവ് ചിലവ് കണക്കുകളും സാമ്പത്തികവുമെല്ലാം ഓഡിറ്റ് ചെയ്താൽ മാത്രമേ അന്വേഷണം നടക്കുകയുള്ളു. അതുകൊണ്ട് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു എ.ഡി.ജി.പി ഡി.ജി.പിക്ക് നൽകിയ ശുപാർശ.