അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം ഊഷ്മളമാക്കാനുള്ള വിദേശനയത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ബംഗാൾ ഉൾക്കടലിനോട് സാമീപ്യമുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരെ പങ്കെടുപ്പിച്ചത്. തുടർച്ചയായാണ്, മോദി മാലദ്വീപുകളും ശ്രീലങ്കയും സന്ദർശിച്ചത്.
2014-ൽ മോദി അധികാരമേറ്റപ്പോൾ സാർക് രാഷ്ട്രത്തലവന്മാരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തി. ബന്ധം ദൃഢമാക്കാനാണ് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരിഫ് ഉൾപ്പെടെയുള്ളവരെ ക്ഷണിച്ചതും ആദ്യ സന്ദർശനം ഭൂട്ടാനിലേക്ക് നടത്തിയതും. ഇവയിൽ പല രാജ്യങ്ങളുമായുള്ള ബന്ധം പിന്നീട് വഷളായി. അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങും വഴി , നവാസ് ഷെരീഫിന് ജന്മദിനാശംസ നേരാൻ മോദി ലാഹോറിലെ വസതിയിൽ ക്ഷണിക്കപ്പെടാതെ പോയി. ഈ സൗഹൃദം ഇഷ്ടപ്പെടാതിരുന്ന പാക്സൈന്യം നൽകിയ മറുപടിയാണ് പത്താൻകോട് ഭീകരാക്രമണം. ഇതിന്റെ തുടർച്ചയാണ് ജമ്മു - കാശ്മീരിൽ നടന്ന ഭീകരാക്രമണപരമ്പരകളും ഉറി, പുൽവാമ സൈനിക കേന്ദ്രങ്ങളിലെ ബോംബാക്രമണങ്ങളും. നവാസ് ഷെരിഫ് ജയിലിലായതിന് ശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ ഇമ്രാൻഖാൻ പ്രധാനമന്ത്രിയായെങ്കിലും കാശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് ശമനമുണ്ടായില്ല. ഒടുവിൽ ഇന്ത്യൻ വായുസേന 'ബാലക്കോട് " ആക്രമിക്കേണ്ടി വന്നു. പാകിസ്ഥാൻ കേന്ദ്രമായുള്ള മത - തീവ്രവാദ സംഘടനകളുടെ നിരന്തര ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു.
മധേസി സമരം
ഇന്ത്യയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് നേപ്പാൾ. എന്നാൽ ഇന്ത്യൻ വംശജരായ മധേസികൾ പ്രത്യേക സംസ്ഥാനത്തിനും ഭരണഘടനാപരമായ പരിരക്ഷയ്ക്കുമായി നടത്തിയ ഉപരോധസമരം അവസാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ചയിലും നേപ്പാൾ ചൈന സൗഹൃദത്തിലുമായിരുന്നു. സൗഹൃദം പുനരാരംഭിച്ചത് അടുത്ത കാലത്താണ്.
ഇന്ത്യയെ ഒഴിവാക്കിയ യമീൻ
ഇന്ത്യയുടെ സുരക്ഷയുമായി വളരെ പ്രധാനപ്പെട്ട ബന്ധമുള്ള മാലദ്വീപ് കുറേവർഷമായി ഇന്ത്യയിൽ നിന്നകലാനും ചൈനയുമായി കൂടുതലടുക്കാനും തുടങ്ങി. മുൻ പ്രസിഡന്റ് അബ്ദുള്ള യമീനായിരുന്നു ഇതിന് കാരണം. പ്രതിപക്ഷപാർട്ടി നേതാക്കളെയെല്ലാം കള്ളകേസുകളിൽ കുടുക്കി ജയിലിലടച്ച യമീന്റേത് ഏകാധിപത്യ ഭരണമായിരുന്നു. ഇന്ത്യയോട് സൗഹൃദം പുലർത്തിയിരുന്ന മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയും ആദ്യ പ്രസിഡന്റായിരുന്ന അബ്ദുള്ള ഗയൂമിനെയും ജയിലിലാക്കിയ യമീൻ, ചൈനയുടെയും പാകിസ്ഥാന്റെയും പിന്തുണ ഉറപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, ഒരു ജനാധിപത്യരാജ്യമെന്ന നിലയിൽ അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെടേണ്ടി വന്നു ഇന്ത്യയ്ക്ക് . പ്രധാനമന്ത്രിയായ ആദ്യ കാലയളവിൽ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ് രാജ്യങ്ങൾ സന്ദർശിക്കാൻ മോദി ഉദ്ദേശിച്ചിരുന്നെങ്കിലും, കലങ്ങിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ, മാലദ്വീപ് സന്ദർശനം ഒഴിവാക്കി. യമീന്റെ ജനാധിപത്യവിരുദ്ധ നടപടികളിൽ രോഷാകുലരായാണ് മാലദ്വീപ് ജനത യമീനെ പുറത്താക്കി മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഇബ്രാഹീം മുഹമ്മദ് സോലിഹിനെ വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്.
മാലദ്വീപ് എയർപോർട്ട്, സീപോർട്ട്, വിനോദസഞ്ചാര മേഖല എന്നിവയുടെ വികസനത്തിനായി ഏകദേശം 21000 കോടി രൂപയാണ് ചൈനയിൽ നിന്നും യമീൻ കടം വാങ്ങിയത്. മാലിയെ ചൈനയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും മോചിപ്പിക്കുമെന്നും ഇന്ത്യയുമായി പഴയസൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും ഇബ്രാഹിം മുഹമ്മദ് സോലിഹ് പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരം 2018 നവംബറിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു. മാലദ്വീപിന് ഏകദേശം 10,000 കോടി രൂപയുടെ ധനസഹായവും ഇന്ത്യ പ്രഖ്യാപിച്ചു. ബന്ധം കൂടുതൽ ദൃഢമാക്കാനും ചൈനയുടെ കരവലയത്തിൽ നിന്നും മാലിയെ മോചിപ്പിക്കാനും, മാലിയിലേക്ക് ജൂൺ എട്ടിന് മോദി നടത്തിയ സന്ദർശനത്തിലൂടെ സാധിച്ചെന്നാണ് ഒപ്പുവച്ച കരാറുകൾ വ്യക്തമാക്കുന്നത്. മാലി-കൊച്ചി കപ്പൽ സർവീസ് തുടങ്ങാനും, മാലദ്വീപിലെ സൈനിക പരിശീലനകേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചതിന് പുറമേ ഇന്ത്യ സ്ഥാപിച്ച തീരനിരീക്ഷണ റഡാറിന്റെ ഉദ്ഘാടനവും മോദി നടത്തി.
ശ്രീലങ്കയ്ക്ക് സാന്ത്വനം
മഹീന്ദ രാജപക്സെ പ്രസിഡന്റായിരുന്ന കാലത്താണ് ശ്രീലങ്ക, ഇന്ത്യയിൽ നിന്നകലുകയും ചൈനയുമായി അടുക്കുകയും ചെയ്തത്. എന്നാൽ മൈത്രിപാല സിരിസേന - വിക്രമസിംഗെ സഖ്യം 2014-ലെ തിരഞ്ഞെടുപ്പിൽ രാജപക്സെയെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയുമായി സഹകരണത്തിന്റെ പാതയിലാണ് ശ്രീലങ്ക. റെയിൽവേ, പെട്രോളിയം മേഖലകളിലെ സഹകരണത്തിന് പുറമേ, കൊളംബോ തുറമുഖ വികസനത്തിനും ഇന്ത്യ സഹായഹസ്തം നൽകി. ഇന്ത്യയോട് ചേർന്നുള്ള വികസനത്തിന് തയാറായ ശ്രീലങ്കയ്ക്ക് നേരിട്ട വൻ തിരിച്ചടിയാണ് ഏപ്രിൽ 21-ന് നടന്ന ഈസ്റ്റർ ബോംബിംഗ്. ഈസ്റ്റർ പ്രാർത്ഥനയിൽ പങ്കെടുത്തവരുൾപ്പടെ ഇസ്ലാമിക തീവ്രവാദിയായ ചാവേറിന്റെ ആക്രമണത്തിനിരയായി. 250 പേരാണ് കൊല്ലപ്പെട്ടത്. മോദി ഇപ്പോൾ നടത്തിയ യാത്ര ശ്രീലങ്കയ്ക്ക് സാന്ത്വനമേകാനും വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകരാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
നിർവീര്യമാക്കപ്പെട്ട സാർക്ക്
2015-ൽ സാർക്ക് രാഷ്ട്രത്തലവന്മാരുമായി സൗഹൃദത്തിന് ശ്രമിച്ച മോദി പാകിസ്ഥാനുമായുള്ള നിരന്തരപ്രശ്നങ്ങളും സംഘർഷങ്ങളും കാരണം 'സാർക് "കൂട്ടായ്മ നിർവീര്യമാക്കാനാണ് പിന്നീട് ശ്രമിച്ചത്. എട്ടംഗ സാർകിന് പകരം, പാകിസ്ഥാനെ ഒഴിവാക്കിക്കൊണ്ടുള്ള ബിംസ്റ്റെക് കൂട്ടായ്മ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്ലന്റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെകിലെ അംഗരാജ്യങ്ങൾ. ഒഴിവാക്കപ്പെട്ടത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്.1985-ൽ തുടങ്ങിയ സാർകിന് 34 വർഷത്തിനിടെ 18 തവണയാണ് ഉച്ചകോടി നടത്താനായത്. 1997-ൽ ആരംഭിച്ച ബിംസ്റ്റെക് കഴിഞ്ഞ 22 വർഷങ്ങൾക്കിടെ നാലുപ്രാവശ്യം മാത്രമേ ഉച്ചകോടി നടത്തിയിട്ടുള്ളൂ. ഒരു ഓഫീസ് സംവിധാനം പോലും ബിംസെറ്റ്ക്കിനില്ല. ബിംസെറ്റ്ക് ശക്തിപ്പെടാൻ ഏറെ ദൂരം പോകാനുണ്ട്.
രാജ്യങ്ങളുടെ പരമാധികാരം മാനിച്ചുകൊണ്ടും പരസ്പര സഹകരണത്തിലൂടെയും വികസനലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം നൽകണം. നമ്മുടെ തലവേദന പാകിസ്ഥാനും അവർ പോറ്റി വളർത്തുന്ന ഭീകരസംഘടനകളുമാണ്. അന്തർദ്ദേശീയ സമൂഹത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണെങ്കിലും, മസൂദ് അസറിനെ വീട്ടുതടങ്കലിലാക്കാനും അയാൾ നേതൃത്വം നൽകുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസുകൾ മരവിപ്പിക്കാനും പാകിസ്ഥാൻ നിർബന്ധിതമായി. ഭീകര സംഘടനകളുടെ എഴുന്നൂറിൽപ്പരം സെമിനാരികൾ അടച്ചുപൂട്ടി. സൈനിക നേതൃത്വവുമായി പ്രധാനമന്ത്രി ഇമ്രാൻഖാന് ഇപ്പോഴുള്ള നല്ല ബന്ധം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ പശ്ചിമഅതിർത്തി പങ്കിടുന്ന പാകിസ്ഥാനുമായുള്ള സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല നയതന്ത്ര ചർച്ചകൾക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. അയൽരാജ്യങ്ങളുമായുള്ള സൗഹൃദനയങ്ങളുടെ ഉരകല്ല് പാകിസ്ഥാനുമായുള്ള ബന്ധത്തിലുണ്ടാകേണ്ട ഗുണപരമായ മാറ്റങ്ങളിലാണ് പ്രതിഫലിക്കേണ്ടത് . മോദി സർക്കാർ കൈക്കൊള്ളുന്ന നടപടികളെ ആശ്രയിച്ചാണ് നയത്തിന്റെ വിജയവും പരാജയവും.
(ലേഖകന്റെ ഫോൺ : 9847173177)