malesia

ക്വാലാലംപൂർ: അജ്ഞാത രോഗത്തെ തുടർന്ന് മലേഷ്യയിലെ കെലാന്തൻ സംസ്ഥാനത്തെ ഉൾനാടൻ ഗ്രാമത്തിൽ 12 പേർ മരിച്ചു. രോഗമെന്താണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ഗോത്രവർഗ വിഭാഗത്തിനിടയിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗ്രാമത്തിൽ അടുത്തിടെ മരിച്ച 14 പേരുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് മലേഷ്യൻ അധികൃതരുടെ തീരുമാനം. 14 പേരിൽ രണ്ടുപേർ മരിച്ചത് ന്യുമോണിയ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 12 പേരുടെ മരണകാരണമാണ് അജ്ഞാതം. സമാനമായ ലക്ഷണങ്ങളോടെ 83 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 46 പേരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സ്ഥലത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങളെ തുടർന്ന് കുടിവെള്ളം മലിനമായതാണ് അസുഖങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതേത്തുടർന്ന് ഖനനം നടത്തുന്ന കമ്പനി കുടിവെള്ളം മലിനമാക്കിയെന്ന് കണ്ടെത്തിയാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മലേഷ്യൻ ഉപപ്രധാനമന്ത്രി വാൻ അസിയ വാൻ ഇസ്‌മൈൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.