ശ്രീനഗർ: പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പിൽ പരിക്കേറ്റ ഇന്ത്യൻ സൈനികൻ ലാൻസ് നായിക് മുഹമ്മദ് ജാവേദിന് വിരമൃത്യു. പൂഞ്ച് സെക്ടറിൽ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിലാണ് ജാവേദിന് പരിക്കേറ്റത്.
വെടിനിറുത്തൽ കരാർ ലംഘിച്ചാണ് പാക് സൈന്യം വെടിവയ്പ് നടത്തിയത്. കാശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ പോരാട്ടം രൂക്ഷമാണ്. പുൽവാമ, ഷോപ്പിയാൻ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ നിരവധി ഭീകരർ കൊല്ലപ്പെടുകയും സ്ഫോടക ശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പാക് സൈന്യവും വെടിവയ്പ് നടത്തിയത്.
ഇന്നലെ പുലർച്ചെ കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ അവനീരാ മേഖലയിൽ ജമ്മു സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരവാദികൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയും തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയുമായിരുന്നുവെന്ന് പൊലീസ് വക്താവ് വ്യക്തമാക്കി. തീവ്രവാദികളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ഏതു സംഘടനയിൽപ്പെട്ടവരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.