imran-khan

ഇസ്ലമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ. ഇതേ തുടർന്ന് രാജ്യത്തെ എല്ലാ പൗരന്മാരുടെയും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിർദേശവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജൂൺ 30ന് മുന്നെ എല്ലാവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദേശം. മാത്രമല്ല പൗരന്മാരുടെ ബിനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസിയുടെ കെെവശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാൻ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കുന്നതിന് മുന്നെയാണ് ഈ നിർദേശമെന്നതും ശ്രദ്ധേയമാണ്. ജൂൺ 30ന് മുന്നെ വെളിപ്പെടുത്തണമെന്നും അതിന് ശേഷം അവ​സരം നൽകില്ലെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി. ബിനാമി സ്വത്തുക്കൾ, ബിനാമി അക്കൗണ്ടുകൾ, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളുടെ വിവരങ്ങളാണ് വെളിപ്പെടുത്തേണ്ടത്. നികുതി കൃത്യമായി അടയ്ക്കാതെ പാകിസ്ഥാന് മുന്നോട്ട് പോകാനാകില്ലെന്നും മികച്ച രാജ്യമായി മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴി‍ഞ്ഞ ദിവസം പ്രതിരോധ വിഹിതത്തിൽ കുറവ് വരുത്താൻ പാക് സെെന്യം സമ്മതിച്ചതായി ഇമ്രാണ ഖാൻ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ 10 വർഷം കൊണ്ട് 2.85 ലക്ഷം കോടിയിൽ നിന്നു 14.25 കോടിയായി ഉയർന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്തെ ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഇതിനെ കണക്കിൽപെട്ട സ്വത്തുക്കളാക്കി മാറ്റാം. രാജ്യത്തെ ബാങ്കുകളിൽ ബിനാമി പേരുകളിൽ സൂക്ഷിച്ച പണത്തിനും വിദേശ ബാങ്കിലെ സൂക്ഷിക്കുന്ന പണത്തിനും ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.