കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് - ബി.ജെ.പി രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ കൻകിനാരയിൽ തിങ്കളാഴ്ച രാത്രി ബോംബ് സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു.
വീട്ടുമുറ്റത്ത് കാറ്റു കൊള്ളാനിരുന്ന ഹലിം (57), മുസ്താക്ക് (60)എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ റുബി പ്രവീൺ, പർവേസ് അലാം, ദാവ്റേജ് അലാം, പ്രിൻസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബംഗാൾ ഗവർണർ ഇന്നലെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട ബിജെപി - തൃണമൂൽ കോൺഗ്രസ് സംഘർഷം തുടരുന്നതിൽ ഭയന്നു കഴിയുകയാണ് നാട്ടുകാർ.
ഹൗറയിലെ സർപോത ഗ്രാമത്തിൽ തിങ്കളാഴ്ച സമതുൽ ഡോളു എന്ന ബി.ജെ.പി പ്രവർത്തകന്റെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. 'ജയ് ശ്രീറാം' വിളിച്ചതിന് തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം.
'സമതുൽ ബി.ജെ.പിയിലെ മുൻനിര പ്രവർത്തകനായിരുന്ന സമതുൽ സംഘടിപ്പിച്ച ജയ് ശ്രീറാം റാലികൾ തൃണമൂലിനെ അസ്വസ്ഥമാക്കിയെന്നും അതിനു ശേഷം അയാൾക്ക് നിരവധി വധഭീഷണികൾ വന്നിരുന്നതായും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ഞായറാഴ്ച അറ്റ്ചാതാ ഗ്രാമത്തിൽ സ്വദേശ് മന്ന എന്ന ആർ.എസ്.എസ് പ്രവർത്തകനെയും മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഗലിയിൽ ശനിയാഴ്ച വെടിയേറ്റ് മൂന്ന് ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടലിൽ ഒരു തൃണമൂൽ പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
ഇവരുടെ മരണവുമായി തൃണമൂൽ പ്രവർത്തകർക്ക് ബന്ധമില്ലെന്ന് തൃണമൂൽ എം.എൽ.എ പുലക് റോയ് പ്രതികരിച്ചു. ബിജെപിക്കെതിരെ രാജ്യത്തെ ശക്തമായ ശബ്ദമായി താൻ മാറിയെന്നും അതിനാൽ തന്റെ സർക്കാരിനെയും പാർട്ടിയെയും തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്നും മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.