ലണ്ടൻ: ലോകകപ്പ് മത്സരങ്ങൾ മഴ കാരണം ഉപേക്ഷക്കുന്നതിനിടെ വ്യാഴാഴ്ചത്തെ ഇന്ത്യ- ന്യൂസിലാൻഡ് മത്സരവും മഴ മുടക്കുമോ എന്ന് ആശങ്ക. ട്രെന്റ്ബ്രിഡ്ജിൽ വ്യാഴാഴ്ച ഉച്ചവരെ മഴപെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നോട്ടിംഗ്ഹാമിൽ ബുധനാഴ്ച രാത്രി എഴു മണിവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ നേരിയ മഴയുമുണ്ടാകും.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മാത്രമെ മഴക്ക് ശമനമുണ്ടാവൂ. 50 ഓവർ മത്സരം നടക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസമായി ഇംഗ്ലണ്ടിൽ വ്യാപക മഴയാണ് പെയ്യുന്നത്. മഴമൂലം ഇന്നലത്തെ ദക്ഷിണാഫ്രിക്ക-വെസ്റ്റിൻഡീസ് മത്സരവും ഇന്നത്തെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ-ന്യൂസിലൻഡ് മത്സരം നടക്കേണ്ട നോട്ടിംഗ്ഹാമിൽ ഈ ആഴ്ച മുഴുവനും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാൻ മത്സരവും മഴ ഭീഷണിയിലാണ്. ഞായറാഴ്ച ഓൾ‌് ട്രാഫോർഡിലും മഴ പെയ്യുമെന്നാണ് പ്രവചനം.