ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പറക്കാനായി വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാൻ. ബലാകോട്ട് ആക്രമണത്തെ തുടർന്ന് പാകിസ്ഥാൻ ദീർഘകാലത്തേക്ക് വ്യോമപാത അടച്ചിരുന്നു. മോദിയുടെ യാത്രക്കായ് വ്യോമപാത പ്രത്യേകം തുറക്കാമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വ്യോമപാതയ്ക്ക് പുറമെ ഇന്ത്യ പാക് വിമാനസർവീസുകളും നിർത്തിവച്ചിരുന്നു. ഇതുകാരണം എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ജൂൺ 13,14 തിയ്യതികളിൽ കസാഖിസ്ഥാനിൽ നടക്കുന്ന എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പാക് വ്യോമപാത വഴി നരേന്ദ്രമോദി പോകുന്നത്. ഇതിലൂടെ എട്ട് മണിക്കൂർ യാത്ര നാല് മണിക്കൂറായി ചുരുക്കുകയും ചെയ്യാം.
നേരത്തെ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇതു വഴി പറന്നിരുന്നു. ബലാകോട്ട് ആക്രമണത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പാകിസ്ഥാൻ വ്യോമപാത അടച്ചിട്ടിരിക്കുന്നത്. കസാഖിസ്ഥാനിൽ നടക്കുന്ന ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കുന്നുണ്ട്.