ചണ്ഡിഗഢ് : ജൂൺ 10നായിരുന്നു അവന്റെ രണ്ടാം പിറന്നാൾ. കേക്ക് മുറിച്ച് ആഘോഷിക്കേണ്ട ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ 150 അടി താഴ്ചയുള്ള 9 ഇഞ്ച് വീതിയുള്ള കുഴൽക്കിണറിനുള്ളിൽ മരണത്തോട് മല്ലിടുകയായിരുന്നു അവൻ.
അഞ്ചാം ദിവസം, 109 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം
ത്തിനൊടുവിൽ രണ്ടുവയസുകാരനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വീടിന് വെളിയിൽ കളിക്കുന്നതിനിടെ ചാക്ക് കൊണ്ട് മൂടിയിട്ടിരുന്ന 150 അടി ആഴമുള്ള കുഴൽക്കിണറിൽ വീണ ഫത്തേവീർ സിംഗാണ് ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്.
ജൂൺ ആറിന് ഉച്ചയോടെയാണ് സംഭവം. മൂടിയിരുന്ന ചാക്ക് മുഖത്തേക്ക് വീണതിനാൽ അഞ്ചുദിവസവും ഭക്ഷണമോ വെള്ളമോ കുഞ്ഞിന് ലഭിച്ചില്ല. ശരീരം കുഴൽക്കിണറിന്റെ ഏഴ് ഇഞ്ച് വ്യാസമുള്ള ഭാഗത്ത് കുടുങ്ങിയതിനാൽ കുഞ്ഞിന് അനങ്ങാൻ കഴിഞ്ഞിരുന്നില്ല. സൈന്യവും ദേശീയ ദുരന്തനിവാരണസേനയും രാപ്പകൽ ഭേദമന്യേ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. സർക്കാർ ഹെലികോപ്ടർ തയ്യാറാക്കിയിരുന്നെങ്കിലും 140 കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിച്ചത്. എന്തുകൊണ്ടാണ് ഹെലികോപ്ടർ ഉപയോഗിക്കാതിരുന്നതെന്ന് വ്യക്തമല്ല.
കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് അതിൽ നിന്ന് 36 ഇഞ്ച് വ്യാസത്തിലുള്ള കുഴൽ കിണറിന്റെ അടിവശത്തേക്കു ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 125 അടിയോളം താഴ്ചയിലാണ് കുട്ടി കിടന്നിരുന്നത്. സംഭവം നടന്ന് 40 മണിക്കൂറിനുശേഷമാണ് കുഞ്ഞിന്റെ അനക്കം ഒടുവിൽ റിപ്പോർട്ട് ചെയ്തത്. ഇതിനു ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
നാലു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാത്തതിൽ പ്രകോപിതരായ ജനക്കൂട്ടം വൻ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. 24 മണിക്കൂറിനുള്ളിൽ തുറന്നുകിടക്കുന്ന മുഴുവൻ കുഴൽക്കിണറുകളും അടയ്ക്കണമെന്നു മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് ഉത്തരവിട്ടു.