mvi-

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മോട്ടോർ വാഹന നിയമപ്രകാരം ചുമത്തുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചു. വാഹന പരിശോധനാസമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ,​ അവ ഇല്ലെങ്കിൽ ഈടാക്കാവുന്ന പിഴ,​ ശിക്ഷാവിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് പിഴയായി 100 രൂപയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ1000 രൂപയും പിഴയായി ഈടാക്കും.

അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്ക് 400 രൂപയാണ് പിഴ. ഇത് ആവർത്തിച്ചാൽ 1000 രൂപ പിഴ ഈടാക്കും. അപകടകരമായും സാഹസികമായും വാഹനമോടിച്ചാൽ 1000 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. മൂന്നുവർഷത്തിനകം കുറ്റകൃത്യം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 2000 രൂപ പിഴയോ ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടി വരെ സ്വീകരിക്കാം. മൂന്നുവർഷത്തിനകം ഇതേകുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവ വരുത്തി വാഹനമോടിച്ചാൽ 1000 രൂപ പിഴയും അപകടകരമായ രീതിയിൽ ചരക്ക് കൊണ്ടുപോയാൽ 3000 രൂപ പിഴ അല്ലെങ്കിൽ ഒരു വർഷം തടവും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ 5000 രൂപ പിഴയോ മൂന്നുവർഷം തടവോ ആയി മാറും. നിയമവിരുദ്ധമായി വാഹനം കൈമാറ്റം ചെയ്യുന്നതിനും രൂപമാറ്റം വരുത്തുന്നതിനും 500 രൂപ പിഴ ഈടാക്കാം. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനം പൂർവസ്ഥിതിയിലാക്കി ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഹാജരാക്കുകയും വേണം. രജിസ്‌ട്രേഷൻ നടത്താത്ത വാഹനം ഓടിച്ചാൽ 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കാം. ഈ കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിൽ പിഴയോ ഈടാക്കാം.

മോട്ടോർവാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ രേഖകൾ, പുകപരിശോധന സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളിൽ കണ്ടക്ടർ ലൈസന്‍സും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണമെന്നും മോട്ടോർ വാഹനവകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.