ന്യൂഡൽഹി: ഇന്ത്യയുടെ 2011-17 കാലയളവിലെ ജി.ഡി.പി വളർച്ച ശരാശരി ഏഴ് ശതമാനമായി പെരുപ്പിച്ച് കാട്ടിയതാണെന്നും യഥാർത്ഥ വളർച്ച 4.5 ശതമാനം മാത്രമാണെന്നും കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌‌ടാവ് അരവിന്ദ് സുബ്രഹ്‌മണ്യൻ പറഞ്ഞു. ഹാർവാഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിനായി അദ്ദേഹം നടത്തിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഏഴ് ശതമാനത്തിനുമേൽ വളർച്ചയുമായി ലോകത്തിലെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നേടിയിരുന്നു. എന്നാൽ, ജി.ഡി.പി വളർച്ചാ നിർണയത്തിലെ പരിഷ്‌കരണമാണ് വളർച്ച പെരുപ്പിച്ച് കാട്ടാൻ കാരണമായത്. കഴി‌ഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് 2012ലാണ് ഇതിന്റെ തുടക്കം. യഥാർത്ഥ ഉത്‌പാദനക്കണക്കിന് പകരം കമ്പനികാര്യ വകുപ്പിന്റെ കണക്കുകൾ ജി.ഡി.പി നിർണയിക്കാൻ ഉപയോഗിച്ച് തുടങ്ങിയതാണ് വളർച്ച ഉയർന്നുവെന്ന അനുമാനത്തിലേക്ക് നയിച്ചത്. അടിസ്ഥാനവിലയ്ക്ക് പകരം ഉത്‌പന്നത്തിന്റെ അന്തിമവിലയും ജി.ഡി.പി കണക്കാക്കാൻ ഉപയോഗിച്ചു. ഇതോടെയാണ്, സമ്പദ്‌വളർച്ച ഏഴു ശതമാനത്തിനുമേൽ ഉയർന്നുവെന്ന നിഗമനത്തിൽ എത്താൻ കാരണമെന്നും റിപ്പോർട്ടിലുണ്ട്.

ജി.ഡി.പി വളർച്ചാ നിർണയത്തെ രാഷ്‌ട്രീയക്കാർ സ്വാധീനിക്കുന്നുവെന്ന വിമർശനങ്ങൾ ശരിവയ്ക്കുന്നതാണ് അരവിന്ദ് സുബ്രഹ്‌മണ്യത്തിന്റെ വാക്കുകൾ. അതേസമയം, റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.