saranya-sasi

തിരുവനന്തപുരം: ട്യൂമർ ബാധിച്ച നടി ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെയാണ് ശരണ്യയെ ശ്രീചിത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.

എന്നാൽ ശസ്ത്രക്രിയയെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിഞ്ഞിട്ടില്ല. ശസ്ത്രക്രിയ എത്രത്തോളം വിജയകരമായെന്നു പ്രധാന സർദന കണ്ടാൽ മാത്രമേ വ്യക്തമാകൂ എന്ന് നടി സീമ ജി. നായർ വ്യക്തമാക്കി. ശരണ്യയുടെ അവസ്ഥ പുറത്തു അറിയിച്ചതും ആശുപത്രിയിൽ കൊണ്ട്‌പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഒപ്പം നിന്നതും സീമയാണ്.

'ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിൽപോലും പൂർണമായും വിജയിച്ചു എന്ന് പറയാനായിട്ടില്ല. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ പ്രധാന സർജൻ വരുമ്പോഴേ വ്യക്തമാകൂ.

ബ്രെയിനിനോട് ചേർന്നാണ് ട്യൂമര്‍ ഉണ്ടായിരുന്നത്. അതെടുത്തു മാറ്റിയാൽ വ്യത്യാസം വരുമെന്നായിരുന്നു നമ്മൾ പ്രതീക്ഷിച്ചതു. പക്ഷേ അത് എത്രത്തോളം വിജയകരമായിരുന്നു എന്ന് നാളെയേ പറയാൻ പറ്റൂ. അവൾക്ക് ഇനിയും തുടർന്ന് സഹായങ്ങൾ വേണം. ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസമാണ് അത്യാവശ്യവുമാണ്. ഞങ്ങൾക്ക് അത് വലിയ തുകയാണ്. ഇനിയും ധാരാളം സഹായം കിട്ടിയാൽ മാത്രമേ നമുക്ക് മുന്നോട്ട് പോകാൻപറ്റൂ. സുമനസുകൾ സഹായിക്കണം. അവളെ ഞങ്ങൾക്ക് ഒന്ന് എഴുന്നേല്‍പിച്ച്‌ ഇരുത്തണം അതിനു എല്ലാവരും അവളെ സഹായിക്കണം' - സീമ ജി.നായർ അഭ്യര്‍ഥിച്ചു.

ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ ബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വർഷവും ട്യൂമർ മൂർദ്ധന്യാവസ്ഥയിൽ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയുംചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച്‌ സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു.