women-

ചെന്നൈ: ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോയമ്പത്തൂരിൽ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. തന്റെ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ചേർന്നാണ് തന്നെ തള്ളിയിട്ടതെന്നാണ് യുവതി ആരോപിക്കുന്നത്. തന്നെ അവർ കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

സംഭവത്തിൽ ഭർത്താവ് അരുൺ ജൂഡ് അമൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മാതാപിതാക്കൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ആരതി അരുൺ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. 2008ൽ വിവാഹിതരായ ആരതിയും അരുണും തമ്മിലുള്ള ദാമ്പത്യബന്ധം അസ്വാരസ്യം നിറഞ്ഞതായിരുന്നു. രണ്ടു മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് ആരതിയും മൊഴി നൽകി. ഇതിനെത്തുടർന്ന് 2014ൽ വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചിരുന്നെന്നും ആരതി പറഞ്ഞു.

ഗാർഹിക പീഡനത്തിനെതിരെ നൽകിയ പരാതിയും വേർപിരിയാൻ ആഗ്രഹിച്ച് നൽകിയ ഹർജിയും മുംബയ് കോടതിയിൽ നിലനിൽക്കെ അരുണിന്റെ അപേക്ഷയെത്തുടർന്ന് പുതിയ ജീവിതത്തിനു തയ്യാറായതിനിടെയാണ് ക്രൂരകൃത്യം.

തന്റെ മാതാപിതാക്കളെ ആരതിയിൽ നിന്നും അകറ്റി നിറുത്തുമെന്ന് അരുൺ എഴുതി നൽകിയിരുന്നു. എന്നിട്ടും അവരെ അരുൺ കാറിൽ കൊണ്ടു വന്നു. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു കാറിൽ നിന്നും തള്ളി താഴെ ഇട്ടത്.

സഹോദരിയുടെ വീടിന് പുറത്ത് വച്ചാണ് ആരതിയെ കാറിൽ നിന്നും തള്ളി പുറത്തിടുന്നത്. വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിലേക്കായിരുന്നു ആരതിയെ തള്ളിയിട്ടത്. ആരതിയുടെ തലയ്ക്കും കാൽമുട്ടിനും പരുക്കുണ്ട്.