aravind

ന്യൂഡൽഹി∙ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കണക്കാക്കുന്നത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്രസർക്കാർ. യു.പി.എ സർക്കാരും എന്‍ഡിഎ സര്‍ക്കാരും കഴിഞ്ഞ ആറു വര്‍ഷം വളര്‍ച്ചാ നിരക്കു പെരുപ്പിച്ചു കാട്ടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ ആരോപണത്തിനാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ മറുപടി.

കൃത്യമായ നടപടികളും മാനദണ്ഡങ്ങളും ഉപയോഗിച്ചു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വളർച്ച നിരക്ക് നിർണയിക്കുന്നത്. യുണൈറ്റഡ് നാഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകരിച്ച നാഷണൽ അക്കൗണ്ട് സിസ്റ്റം അനുസരിച്ചാണ് വളർച്ച കണക്കാക്കുന്നത്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ പുതുക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിഡിപി കണക്കാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേശകനായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ ഇംഗ്ലീഷ് മാധ്യമത്തിലാണ് കണക്കുകൾ പെരുപ്പിച്ചു കാണിച്ചുവെന്ന് ലേഖനം എഴുതിയത്. 2014 മുതൽ 2018 വരെയാണ് അരവിന്ദ് സുബ്രഹ്മണ്യൻ നരേന്ദ്ര മോദിയുടെ ഉപദേശകനായിരുന്നത്. 4.5% മാത്രമുണ്ടായിരുന്ന വളർച്ച 7% ശതമാനമാക്കി പെരുപ്പിച്ചു കാണിച്ചുെവന്നാണ് ആരോപണം.