ടെക്‌സാസ്: നഗര കാര്യാലയത്തിന്റെ കീഴിലുള്ള നീന്തൽ കുളത്തിൽ വച്ച് കുഞ്ഞിന് മുല കൊടുത്ത അമ്മയെ അപമാനിച്ച് ജീവനക്കാർ. മിസ്റ്റി ഡഗറൂ എന്ന യുവതിക്കാണ് ഈ അപമാനം നേരിടേണ്ടി വന്നത്. കുഞ്ഞിന് പരസ്യമായി മുലകൊടുക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് നീന്തൽകുളത്തിന്റെ മാനേജരും ലൈഫ്ഗാർഡും മിസ്റ്റിയെ അപമാനിച്ചത്. ഇവരോട് സ്ഥലം കാലിയാക്കാനും ജീവനക്കാർ ആജ്ഞാപിച്ചു. തന്റെ 10 മാസം മാത്രം പ്രായമായ മകന് മുലയൂട്ടുകയായിരുന്നു 32 വയസുകാരിയായ മിസ്റ്റി.
തന്റെ കുഞ്ഞിനേയും അവന്റെ സഹോദരൻ 4 വയസുകാരനെയും, നാല് വയസ് തന്നെയുള്ള അനന്തിരവനെയും കൂട്ടിയാണ് മിസ്റ്റി നീന്തൽകുളത്തിലേക്ക് എത്തുന്നത്. ഇതിനിടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നിയ മിസ്റ്റി അവന് മുലയൂട്ടുകയായിരുന്നു. എന്നാൽ ഇത് ഇഷ്ടപെടാതിരുന്ന സ്ത്രീകളായ നീന്തൽകുളത്തിന്റെ ചുമതലയുളള ജീവനക്കാർ മിസ്റ്റിയോട് അവിടം വിട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. മിസ്റ്റി തന്റെ ശരീരം മറയ്‌ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അധികം താമസിയാതെ ഇവർ തമ്മിൽ വാക്കേറ്റമായി. തന്റെ കുഞ്ഞിനെ മുലയൂട്ടാൻ ആരുടേയും സമ്മതം ആവശ്യമില്ല എന്നതായിരുന്നു മിസ്റ്റിയുടെ പക്ഷം. ഇവർ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പൊലീസുകാർ അവിടെയെത്തി. എന്നാൽ മിസ്റ്റിയെ ഞെട്ടിച്ചുകൊണ്ട് സ്ഥലം കാലിയാക്കാനാണ് അവരും മിസ്റ്റിയോട് ആവശ്യപ്പെട്ടത്.
സംഭവം വിവാദമായതിനെ തുടർന്ന്, നിരവധി പേർ മിസ്റ്റിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പിന്തുണയുമായെത്തി. ഇവരിൽ ചില സ്ത്രീകൾ പ്രതിഷേധ സൂചകമായി നീന്തൽ കുളത്തിനടുത്ത് വച്ച് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൂട്ടം ചേർന്ന് മുലയൂട്ടാനും പദ്ധതിയിട്ടിട്ടുണ്ട്. 'ഇത് ആൾക്കാരുടെ ചിന്താഗതിയിൽ ഒരു മാറ്റം കൊണ്ടുവരുമെന്ന് ഞാൻ കരുതുന്നു. കുഞ്ഞിന് മുലയൂട്ടുന്നതിലൂടെ സ്ത്രീ ശക്തയാകുകയാണെന്നും, അവരെ നാണം കെടുത്താൻ പാടില്ലെന്നും അവർ മനസിലാക്കണം.' ഈ പ്രതിഷേധത്തെ സ്വാഗതം ചെയ്തുകൊണ്ട് മിസ്റ്റി പറഞ്ഞു.