തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ശമ്പള പരിഷ്കരണം രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കും. പത്ത് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയാൽ മതിയെന്ന് പത്താമത്തെ ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പത്താം ശമ്പള കമ്മിഷന്റെ ശുപാർശകൾ നിലവിൽ വന്നിട്ട് അഞ്ച് വർഷം ആകുന്നേയുള്ളു. അഞ്ച് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പേ വ്യക്തമാക്കിയിരുന്നു.
പതിനൊന്നാമത് ശമ്പള പരിഷ്കരണ കമ്മിഷൻ അദ്ധ്യക്ഷനെയും രണ്ട് അംഗങ്ങളെയും കണ്ടെത്താനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാലറി ചലഞ്ച് ചില ഉദ്യോഗസ്ഥർക്ക് സർക്കാരിൽ അതൃപ്തിയുണ്ടാകാൻ കാരണമായിട്ടുണ്ട്. അവരെ ശമ്പള പരിഷ്കരണത്തിലൂടെ കൂടെ നിർത്താൻ സാധിക്കുമെന്നാണ് ഗവൺമെന്റിന്റെ കണക്കുകൂട്ടൽ.
ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി സർക്കാരിന്റെ മുന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിൽ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫും,രണ്ടിടത്ത് ബി.ജെ.പിയും ലീഡ് നേടിയിരുന്നു. ഇത് സർക്കാർ ജീവനക്കാരുടെ അതൃപ്തിയായി വ്യാഖ്യാനിക്കുന്നുണ്ട്. ആറു മാസത്തിനുള്ളിൽ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പും വരുന്നുണ്ട്. അതിനിടയിൽ ജീവനക്കാർക്കിടയിലെ അതൃപ്തി പരിഹരിക്കേണ്ടത് സർക്കാരിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്.