മാഹി: ഇല്ലായ്മയുടെ കയത്തിൽ നിന്നും പുതുച്ചേരി മുഖ്യമന്ത്രി പദത്തിലെത്തിയ സാധാരണക്കാരനിൽ സാധാരണക്കാരനായാരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ആർ. ജാനകി രാമൻ.ടാക്‌സി ഡ്രൈവറായിരുന്ന അദ്ദേഹം ഡി.എം.കെ നേതാവ് കലൈഞ്ജർ കരുണാനിധിയുമായുള്ള ആത്മബന്ധമാണ് ഡി.എം.കെ.പ്രവർത്തകനാക്കി യത്.
കരുണാനിധിയുടെ കാർ ഡ്രൈവറും പിന്നീട് പി.എയു മായി പ്രവർത്തിക്കവെ പുതുച്ചേരിയിൽ ഡി.എം.കെയുടെ പ്രവർത്തനം വിപുലീകരിക്കാൻ ജാനകീരാമനെ കലൈഞ്ജർ നിയോഗിക്കുകയായിരുന്നു .പുതുച്ചേരിയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ജാനകീരാമൻ 1985ൽ നെല്ലിത്തോപ്പ് മണ്ഡലത്തിൽ നിന്നും എം.എൽ.എയായി.പ്രതിപക്ഷ നേതാവായും പൊതുമരാമത്ത് മന്ത്രിയായും പ്രവർത്തിച്ചു 1996 മുതൽ2000 വരെ പുതുച്ചേരി മുഖ്യമന്ത്രിയുമായി.
നെല്ലിത്തോപ്പ് മണ്ഡലത്തിൽ നിന്ന് അഞ്ചു തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1985 മുതൽ 2001 വരെ നെല്ലിത്തോപ്പ് എംഎൽഎയായിരുന്നു. പല തവണ മയ്യഴി സന്ദർശിച്ചിട്ടുള്ള ജാനകി രാമൻ മയ്യഴിയുടെ വികസന കാര്യത്തിലും അനുഭാവപൂർവ്വമായ സമീപനം സ്വീകരിച്ച തമിഴക നേതാവായിരുന്നു.മുൻമുഖ്യമന്ത്രിയുടെ വിയോഗത്തിൽ പുതുച്ചേരി
സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മാഹിയിൽ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.ഡി.എം.കെ. നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ.വി. ജാനികിരാമന്റെ നിര്യാണത്തിൽ അനുശോചിച്ചു.മാഹി മണ്ഡലം യു.പി.എ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ യു.പി.എ.ചെയർമാൻ ടി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എന്നിവർ സംസാരിച്ചു.