ന്യൂഡൽഹി: ഇന്നലെ തങ്ങളുടെ ഇസ്രായേൽ വിരുദ്ധ നയം ആദ്യമായി, പരസ്യമായി കൈവെടിയാൻ ഇന്ത്യ തയാറായി. പലസ്തീനിലെ മനുഷ്യാവകാശ സംഘടനായ ഷഹേദിന് നിരീക്ഷണ പദവി നൽകുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ നടന്ന വോട്ടെടുപ്പിലാണ് സംഘടനയെ എതിർത്തുകൊണ്ട് ഇന്ത്യ ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിലാണ് ഇന്ത്യ ഈ നിലപാടെടുത്തത്.
ഇതിനുമുൻപ് സമാനമായ ഒരു വിഷയത്തിൽ വോട്ടെടുപ്പ് നടന്നപ്പോൾ അതിൽ നിന്നും ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ പരസ്യമായി ഇസ്രയേലിനെ പിൻതുണയ്ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഈ തീരുമാനത്തോടെ വർഷങ്ങളായി പലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ ആ നിലപാടിന് അവസാനം കുറിച്ചതായി കണക്കാക്കപ്പെടുന്നു.
പലസ്തീന് മേലുള്ള ഇസ്രയേലിന്റെ അധിനിവേശ ശ്രമങ്ങളെ എന്നും എതിർത്ത് പോന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. 1948 മുതൽ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ കാലം മുതൽ ഇന്ത്യ ഈ നിലപാടാണ് പിൻതുടർന്ന് പോയത്. പലസ്തീൻ എന്ന അറബ് രാജ്യത്തിന്റെ പാരമ്പര്യത്തിനും ചരിത്രത്തിനും അർഹിക്കുന്ന ബഹുമാനം നൽകിക്കൊണ്ട്, 1948 മേയ് 14ന് ഇസ്രായേൽ എന്ന പുതിയ ജൂത രാഷ്ട്രത്തിന്റെ പിറവിയെ ഇന്ത്യ എതിർക്കുകയായിരുന്നു.
ഒരുപക്ഷെ വരും കാലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുക്കാവുന്ന പ്രശ്നങ്ങൾ കാലേകൂട്ടി കണ്ടുകൊണ്ടു കൂടിയാകാം നെഹ്റുവിന്റെ കീഴിലുള്ള ഇന്ത്യ പലസ്തീൻ അനുകൂല നിലപാട് ആദ്യമായി വെളിപ്പെടുത്തുന്നത്. മഹാശാസ്ത്രജ്ഞനായ ആൽബെർട്ട് ഐൻസ്റ്റൈന്റെ പോലും ആവശ്യം നിരാകരിച്ചുകൊണ്ടാണ് നെഹ്റു ഈ തീരുമാനത്തിലേക്ക് എത്തുന്നത്.
അമേരിക്കയുടെ അനുമതിയോടെ ഐക്യരാഷ്ട്രസഭയാണ് 1948ൽ ഇസ്രായേൽ രൂപീകരിക്കാൻ മുൻകൈ എടുത്തത്. തുടർന്ന്, 1949ൽ ഇസ്രായേൽ രാജ്യം രൂപപ്പെട്ടുകഴിഞ്ഞ് അതിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രവേശനത്തെയും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. തങ്ങളുടെ അറബ് സുഹൃത്തുക്കളുടെ അപ്രീതി സമ്പാദിക്കാതിരിക്കാനാണ് പ്രധാനമായും ഇന്ത്യ ഇങ്ങനെ ഒരു നിലപാട് എടുത്ത് പോന്നത്.
തുടക്കത്തിൽ അതായിരുന്നു കാരണമെങ്കിൽ, പിന്നീട് പാലസ്തീന് മേലുള്ള ഇസ്രയേലിന്റെ ആക്രമണങ്ങളും അധിനിവേശ ശ്രമങ്ങളും ഇന്ത്യയുടെ എതിർപ്പിന് കാരണമായി. ഒടുവിൽ രാജ്യം രൂപീകൃതമായി രണ്ട് വർഷത്തിന് ശേഷമാണ് ഇസ്രയേലിന്റെ പിറവിയെ ഇന്ത്യ അംഗീകരിക്കാൻ തയാറായത്, 1950ൽ. വർഷങ്ങൾ പിന്നെയും കഴിഞ്ഞ് 1992ൽ ഇസ്രായേലിലെ തെൽ അവീവിൽ ഇന്ത്യ ആദ്യമായി എംബസിയും തുറന്നു.
ഇന്ത്യ-ഇസ്രായേൽ നിലപാടിൽ കാര്യാമായ മാറ്റം സംഭവിക്കുന്നത് 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്. വലതുപക്ഷ നിലപാട് പുലർത്തിപ്പോന്ന ഇസ്രായേലിന് മോദി എന്തുകൊണ്ടും തങ്ങൾക്ക് അനുയോജ്യനായ കൂട്ടാളിയായിരുന്നു. മോദി അധികാരത്തിൽ വന്നശേഷമാണ് ആദ്യമായി ഒരു ഇസ്രായേൽ ഭരണാധികാരി ഇന്ത്യ സന്ദർശിക്കുന്നത്. നവംബർ 2016ൽ ഇസ്രായേലി പ്രസിഡന്റ് റൂവെൻ റിവ്ലിൻ ആണ് ഇന്ത്യ സന്ദർശിക്കുന്നത്. തൊട്ടടുത്ത വർഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലും സന്ദർശിച്ചു.
ബെഞ്ചമിൻ നെത്യനാഹു ഇസ്രേയേൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിന് ശേഷമായിരുന്നു മോദിയുടെ സന്ദർശനം. ഇതിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്പത്തേക്കാളും പതിന്മടങ്ങ് ദൃഢമാകുകയാണ് ഉണ്ടായത്. മോദിയുടെ രണ്ടാം വരവിന് ആദ്യം ആശംസകളറിയിച്ച രാജ്യതലവന്മാരിൽ ഒരാൾ നെത്യനാഹുവാണ്. 'നരേന്ദ്ര, മൈ ഫ്രണ്ട്' എന്ന് വിളിച്ചുകൊണ്ട് നെത്യനാഹു മോദിക്ക് ആശംസകൾ അറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.