കൊച്ചി: കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധി ച്ചത് പേരക്കയിൽ നിന്നാണെന്ന് സംശയം. പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുമ്പ് യുവാവ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു. കേന്ദ്ര സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുവാവ് താൻ ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നെന്ന് വെളിപ്പെടുത്തിയത്. വിദ്യാർത്ഥി പേരയ്ക്ക കഴിച്ചിരുന്നെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി.
പേരയ്ക്കയിൽ നിന്നാകം രോഗം വന്നതെന്ന നിഗമനത്തിലാണ് കേന്ദ്ര സംഘം. അതേസമയം ഇത് പ്രാഥമിക നിഗമനമാണെന്നും വവ്വാൽ കടിച്ച പേരയ്ക്ക യുവാവ് കഴിച്ചതാണോയെന്ന് ഉറപ്പില്ലെന്നും അവർ വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് കൂടുതൽ പഠനം വേണമെന്ന നിലപാടിലാണ് സംഘം. നിപ റിപ്പോർട്ട് ചെയ്തയുടൻ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. പഴംതീനി വവ്വാലുകളിൽ നിന്നാണ് സാധാരണയായി രോഗം പടരുന്നത്.
തുടർച്ചയായി നിപ രോഗം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ഇതിനെപ്പറ്റി പഠനം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 20 വർഷത്തെ ഗവേഷണങ്ങളുടെ തുടർച്ചയായി കാർഷിക സർവകലാശാല വന്യജീവി വിഭാഗത്തിന്റെ സഹകരണത്തോടെ നിപ വൈറസ് വാഹകരായ വലിയപഴം തീനി വവ്വാലുകളെക്കുറിച്ച് സർക്കാർ ഉടൻ സമഗ്രപഠനം നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഇതിന്റെ പ്രാഥമിക അവലോകനം നടത്തി. അടുത്ത യോഗത്തിൽ ഗവേഷണം സംബന്ധിച്ച് അന്തിമരൂപരേഖ തയ്യാറാകും. ഗവേഷണത്തിൽ മറ്റ് വകുപ്പുകളെക്കൂടി സഹകരിപ്പിക്കും.
കേരളത്തിലെ 33 ഇനം വവ്വാലുകളിൽ അഞ്ചിനം പഴം തീനി വവ്വാലുകളാണെന്നും അതിൽ വലിയ പഴംതീനി വവ്വാൽ (ഫ്ളയിംഗ് ഫോക്സ്) മാത്രമാണ് നിപ വൈറസ് പരത്തുന്നതെന്നും കാർഷിക സർവകലാശാല പഠനത്തിൽ കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തൽ. ഇവയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കി ജൈവവൈവിദ്ധ്യം തകിടം മറിച്ചാൽ വൈറസ് വ്യാപനം ശക്തമാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.