chandrayan

ന്യൂഡൽഹി: ചാന്ദ്രപരിവേഷണത്തിനുളള ഐ.എസ്.ആർ.ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ജൂലായ് 15ന് പുലർച്ചെ 2.51ന് ആണ് വിക്ഷേപണം നടക്കുക. സെപ്തംബർ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും. ജി.എസ്.എൽ.വി മാർക്ക് മൂന്ന് ആണ് വിക്ഷേപണ വാഹനം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററും ലാൻഡറും ഉൾപെടുന്ന പേടകത്തിന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ‘വിക്രം’ എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങുംവിധമാണ് ദൗത്യം.

chandrayan

800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്. ജി.എസ്.എൽ.വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐ.എസ്.ആർ.ഒയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു.

chandrayan

ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.