balabhaskar

കൊച്ചി: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്നും ഇക്കാര്യത്തിൽ തനിക്ക് ദുരൂഹത തോന്നിയിട്ടില്ലെന്നും സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്നയാളും ബാലുവിന്റെ പ്രോഗ്രാം കോർഡിനേറ്ററുമായ പ്രകാശൻ തമ്പിയുടെ പ്രതികരണം. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ല. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോൾ ഒരു സഹോദരനെപ്പോലെ ഞാൻ കൂടെ നിന്നു. അതാണോ ഞാൻ ചെയ്ത തെറ്റെന്നും പ്രകാശൻ തമ്പി ചോദിച്ചു. അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് തൃശൂർ സ്വദേശിയായ അർജുൻ തന്നെയാണെന്നും പ്രകാശൻ തമ്പി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തനിക്ക് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും തമ്പി കൂട്ടിച്ചേർത്തു.

ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെട്ടപ്പോൾ താനാണ് വാഹനമോടിച്ചതെന്ന് നിരവധി തവണ അർജുൻ പറഞ്ഞതായി കാക്കനാട് ജില്ലാ ജയിലിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ നേരത്തെ തന്നെ പ്രകാശൻ തമ്പി വെളിപ്പെടുത്തിയിരുന്നു.ആശുപത്രിയിൽ കഴിയുമ്പോൾ, അപകടത്തിന്റെ കാരണക്കാരനെന്ന് പറഞ്ഞ് അർജുൻ വിലപിച്ചിരുന്നു. എന്തു പറ്റിയതാടാ എന്ന് അർജുന്റെ അമ്മ ചോദിച്ചപ്പോൾ ഉറങ്ങിപ്പോയതാണെന്ന് പറഞ്ഞു. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന ഡോ. ലതയും ഇക്കാര്യം കേട്ടിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്നതിന് തലേ ദിവസമാണ് പൊലീസുകാരോട് മൊഴി മാറ്റിപ്പറഞ്ഞത്. ഇതെന്തിനെന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. കഴിഞ്ഞ മൂന്നു മാസമായി അർജുനുമായി ഒരു ബന്ധവുമില്ലെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. എന്നാൽ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് കണ്ടെത്തിയ രക്തത്തുള്ളികളുടെയും മുടിയിഴകളുടെയും സ്റ്റിയറിംഗ് വീലിലെ വിരലയാളങ്ങളുടെയും ഫലം കൂടി പുറത്ത് വന്നിട്ട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചാൽ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ. അന്വേഷണം നിർണായക വഴിത്തിരിവിലെത്തിനിൽക്കെ കേസിന്റെ ഫോറൻസിക് പരിശോധനാഫലം ഉടൻ ലഭ്യമാക്കണമെന്ന ക്രൈംബ്രാഞ്ച് അഭ്യർത്ഥന മാനിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം നൽകാനുളള നടപടികൾ ഫോറൻസിക് ലാബിലും ആരംഭിച്ചിട്ടുണ്ട്.