വിവിധ ലോകഭാഷകളിലെ സാഹിത്യകൃതികളെ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് അവയുടെ ഇംഗ്ലീഷ് വിവർത്തനങ്ങളായിരിക്കും. പല മഹത്തായ സാഹിത്യസൃഷ്ടികളും മികച്ച വിവർത്തനത്തിന്റെ അഭാവം മൂലം ആരുമറിയാതെ പ്രസ്തുത ഭാഷകളുടെ അതിർത്തികളിൽ തന്നെ ഒതുങ്ങിപോയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് ബ്രിട്ടണിൽ പ്രസിദ്ധീകരിക്കുന്ന അന്യഭാഷാകൃതികൾക്ക് നൽകുന്ന മാൻബുക്കർ ഇന്റർനാഷണൽ പുരസ്കാരം ശ്രദ്ധേയമാകുന്നതും ഈ ഒരു പശ്ചാത്തലത്തിലാണ്.
ഇരുപതിലധികം അറബ് രാജ്യങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന അറബിസാഹിത്യത്തിന് സമകാലിക ലോകസാഹിത്യ ഭൂപടത്തിൽ നിർണായക സ്ഥാനമാണുളളത്. 1988ൽ ഈജിപ്തിലെ നജീബ് മഹ്ഫൂസിന് സാഹിത്യത്തിനുളള നോബൽസമ്മാനം ലഭിച്ചതോടെയാണ് അറബ് കൃതികൾ കൂടുതലായി ഇംഗ്ലീഷ് അടക്കമുളള പാശ്ചാത്യ ഭാഷകളിലേക്ക് വ്യാപകമായി മൊഴിമാറ്റം ചെയ്യപ്പെടാൻ തുടങ്ങിയത്. ഈ സാഹിത്യ വിനിമയ പ്രക്രിയയിലെ നിർണായക ചുവടുവയ്പാണ് ഈ വർഷത്തെ മാൻബുക്കർ ഇന്റർനാഷണൽ പുരസ്ക്കാരം ഒരു അറബ് കൃതിയുടെ ആംഗലേയ പരിഭാഷയ്ക്ക് ലഭിച്ചത്. ഗൾഫ് രാജ്യമായ ഒമാനിലെ എഴുത്തുകാരി ജൂഖ അൽ ഹാരിസിയുടെ അറബി നോവൽ സയ്യിദാതുൽഖമറിന്റെ സെലസ്റ്റ്യൽ ബോഡീസ് (സ്വർഗീയ ഉടലുകൾ) എന്ന ഇംഗ്ലീഷ് വിവർത്തനമാണ് പുരസ്കാരത്തിന് അർഹമായത്. നോവലിസ്റ്റും പരിഭാഷകയും സമ്മാനത്തുക പങ്കിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രമുഖ അമേരിക്കൻ വിവർത്തക മെർലിൻബൂത്താണ് പരിഭാഷക. സൗദിയിലെ റജാ അൽസാനിഹിന്റെ വിവാദകൃതി 'ഗേൾസ് ഓഫ് റിയാദ് " ഈജിപ്തിലെ ലത്തീഫ അൽസയ്യാത്തിന്റെ ' ദി ഓപ്പൺ ഡോർ" തുടങ്ങിയ അറബ് കൃതികളുടെ ആംഗലേയ വിവർത്തനങ്ങളുടെ പേരിൽ വാഴ്ത്തപ്പെട്ട ചരിത്രമുണ്ട് മെർലിൻബൂത്തിന്.
1978ൽ ഒമാനിൽ ജനിച്ച ജൂഖ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഗവേഷണ ബിരുദം നേടിയ ശേഷം മസ് ക്കറ്രിലെ സുൽത്താൻ ഖാബൂസ് സർവകലാശാല അറബി വിഭാഗത്തിൽ അദ്ധ്യാപികയായി ജോലി നോക്കി വരികയാണ്. മൂന്ന് നോവലുകളും മൂന്ന് കഥാസമാഹാരങ്ങളുമാണ് ജൂഖയുടേതായി ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുളള സാഹിത്യ കൃതികൾ. 2001ൽ പുറത്തിറങ്ങിയ 'ലുബ്നയുടെ ആത്മകഥ" എന്ന കഥാസമാഹാരമാണ് ആദ്യകൃതി. നോവൽ പരീക്ഷണം 2004ൽ പ്രസിദ്ധീകരിക്കപ്പെട്ട 'മനാമാത്തി" (സ്വപ്നങ്ങൾ) ലാണ് തുടങ്ങിയത്. 2010ൽ ലബനോണിലെ ദാറുൽ ആദാബ് പുറത്തിറക്കിയ 'സയ്യിദാതുൽഖമർ" 2016ൽ പ്രസിദ്ധീകരിച്ച 'നാരിൻജ" (ബിറ്റർ ഓറഞ്ച്) എന്നിവയാണ് മറ്റു രണ്ട് നോവലുകൾ.
2010ലെ മികച്ച ഒമാനി നോവലിനുളള പുരസ്കാരം നേടിയതിനെ തുടർന്ന് തൊട്ടടുത്ത വർഷം ഏപ്രിൽ ലക്കം ബാനിപാൾ മാസികയിൽ സയ്യിദാതുൽഖമറിലെ ഒരദ്ധ്യായത്തിന്റെ ഇംഗ്ലീഷ് വിവർത്തനം അച്ചടിച്ചു വന്നു. അന്നു തന്നെ വലിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ആ കൃതി ജൂഖയ്ക്കു മാത്രമല്ല ഒമാനും അറബി സാഹിത്യലോകത്തിനാകെയും അഭിമാനമായി മാറിയിരിക്കുകയാണ്. മുമ്പ് പലപ്പോഴും മാൻബുക്കർ സമ്മാനത്തിനുളള മത്സരങ്ങളിൽ അവസാനവട്ടം തഴയപ്പെടുന്ന ചരിത്രമാണ് അറബ് കൃതികൾക്കുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ പുരസ്കാരത്തിനുള്ള അവസാന പട്ടികയിൽ ഇറാഖി എഴുത്തുകാരൻ അഹമ്മദ് സ അ് ദാവിയുടെ ജ്വനാഥൻ റൈറ്ര് വിവർത്തനം ചെയ്ത 'ഫ്രാങ്കൻസ്റ്റൈൻ ഇൻ ബാഗ് ദാദ് "എന്ന അറബിനോവൽ ഇടംപിടിച്ചിരുന്നു. അതിനാൽതന്നെ ഈ വർഷത്തെ പുരസ്കാരത്തിനുള്ള ലോംഗ് ലിസ്റ്റിൽ ജൂഖയുടെയും പാലസ്തീൻ എഴുത്തുകാരൻ മാസിൻമഹ്രൂഫിന്റെ ജോക്സ് ഫോർ ദി ഗൺമെൻ എന്ന കഥാസമാഹാരവും ഇടം പിടിച്ചെങ്കിലും ഇവയിലൊന്ന് മാൻബുക്കർ പുരസ്കാരത്തിൽ മുത്തമിടുമെന്ന് ആരും കരുതിയിരുന്നില്ല.
വിശാലമായ അറബ് സാഹിത്യ ഭൂപടത്തിൽ അത്ര സവിശേഷമായ സ്ഥാനമൊന്നും നേടാതിരുന്ന ഒമാന്റെ സാമൂഹിക പരിണാമ ചിത്രം അനാവരണം ചെയ്യുന്ന നോവലാണ് പുരസ്ക്കാരത്തിന് അർഹമായ സെലസ്റ്റ്യൽ ബോഡീസ്. അൽഅവാഫി എന്ന ഒമാനിയൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുകാലത്ത് ആ നാട്ടിൽ നടമാടിയ അടിമ സമ്പ്രദായത്തിന്റെ ക്രൂരതകൾ തുറന്നുകാട്ടുന്ന നോവൽ മയ്യ, അസ്മ, ഖൗല എന്നീ യുവതികളുടെ കഥകളാണ് പറയുന്നത്. കൊടും ദാരിദ്ര്യത്തിൽ നിന്നും എണ്ണ സമ്പത്തിന്റെ സമൃദ്ധിയിലേക്ക് ചേക്കേറിയ ഒരു സമൂഹത്തിന്റെ ചരിത്രത്തിലെ അടിമത്തത്തിന്റെ തീരാകളങ്കങ്ങൾ അവരെ ഇപ്പോഴും വിടാതെ വേട്ടയാടുന്നുണ്ട്. 1962ൽ ഒമാനിൽ അടിമസമ്പ്രദായം നിയമം മൂലം നിരോധിക്കപ്പെട്ടിരുന്നു. എന്നിട്ടും ഈ സമ്പ്രദായം അവിടെ നിർബാധം തുടർന്നു എന്ന് ഞെട്ടലോടെ വായനക്കാർ തിരിച്ചറിയും. സ്വന്തം കുഞ്ഞിന് ലണ്ടനെന്ന് പേരിടണമെന്ന് വാശിപിടിക്കുന്ന ഖൗലയും സമ്പന്ന കുടുംബത്തിലേക്ക് വിവാഹിതയായെത്തുന്ന മയ്യയും പിന്നെ അസ്മയുമൊക്കെ കഴിഞ്ഞൊരു നൂറ്റാണ്ടിനിടയിൽ ഒമാനിൽ നടന്ന സാമൂഹിക പരിണാമത്തിന്റെ ദർപ്പണങ്ങൾ തന്നെയാണ്. ആഫ്രിക്കയിലെ സാൻസിബാറുമായുളള അടിമക്കച്ചവട ബന്ധവും ശ്രദ്ധേയമായി ജൂഖ തന്റെ നോവലിൽ ചിത്രീകരിക്കുന്നുണ്ട്. മൂന്ന് യുവതികളുടെ സ്വകാര്യ ജീവിത നിമിഷങ്ങൾ യഥാർത്ഥത്തിൽ ഏതൊരു മനുഷ്യന്റെയും കഥയായി മാറുന്ന സവിശേഷ സാഹചര്യമാണ് സെലസ്റ്റ്യൽബോഡീസിലുളളത്. മനസ്സിനെയും ബുദ്ധിയെയും ഒരുപോലെ നോവൽ കീഴടക്കുന്നുണ്ട്. മാൻബുക്കർ പുരസ്കാര ലബ്ധി കൂടുതൽ ഒമാനിയൻ കൃതികളെ ലോകസാഹിത്യ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗൾഫ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഒമാനെപ്പോലെ ഇത്രയേറെ സാംസ്കാരിക വൈവിദ്ധ്യമുളള മറ്റൊരു രാജ്യമില്ല. അങ്ങനെയുളള ഒരു നാടിന്റെ ചരിത്രം അപനിർമ്മിക്കുകയാണ് ജൂഖ തന്റെ കൃതിയിലൂടെയെന്ന് ഒറ്റവാക്യത്തിൽ പറയാം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അറബി ഭാഷാ വിഭാഗത്തിൽ അദ്ധ്യാപകനാണ് ലേഖകൻ.ഫോൺ: 9744209475