കൊല്ലം: "ഒരു കാല് പോയപ്പോൾ തോറ്റത് ഞാനല്ല, കാൻസറാണ് "- കൊട്ടാരക്കര കോക്കാട് ഗസലിൽ അജിം ആസാദിന്റെ(42) വാക്കുകൾക്ക് വിധിയെ തോൽപ്പിച്ച നിശ്ചയദാർഢ്യത്തിന്റെ കരുത്തുണ്ട്. ഡിപ്ളോമ കഴിഞ്ഞ് വീടിനോട് ചേർന്ന് ഇലക്ട്രോണിക്സ് റിപ്പയറിംഗ് സ്ഥാപനം നടത്തി വരുമ്പോഴായിരുന്നു അജിം ആസാദിനെ വിധി പരീക്ഷിച്ചത്. 2004 ഡിസംബറിലാണ് തുടയെല്ലിലെ കാൻസർ ബാധ സ്ഥിരീകരിച്ചത്. 12 സർജ്ജറി നടത്തി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കൊടുവിൽ 2011ൽ ഇടതുകാൽ അരക്കെട്ടിന് തൊട്ട് താഴെവച്ച് മുറിച്ചുനീക്കേണ്ടി വന്നു.
സുനാമി കേരളത്തെ വിഴുങ്ങിയ നേരത്താണ് അജീമിന്റെ ജീവിതത്തിലും ഈ ദുരിതം സുനാമിയായി എത്തിയത്. കാല് നഷ്ടപ്പെട്ടെങ്കിലും തോൽക്കാൻ ആ യുവാവ് തയ്യാറല്ലായിരുന്നു. സഹതാപങ്ങൾക്ക് കാത്ത് നിൽക്കാതെ വീണ്ടും പഴയ തൊഴിൽ ശാല തുറന്നു. അത് വിപുലമാക്കിയതിനൊപ്പം ഹോട്ടലും ബേക്കറിയുമൊക്കെ ആരംഭിച്ചു. വീടിനോട് ചേർന്ന പറമ്പ് കൊത്തിക്കിളച്ച് കൃഷി ചെയ്തു. അങ്ങനെ വിജയത്തിന്റെ ഓരോ പടിയും വലംകാലിൽ ചവിട്ടിക്കയറി. ഓട്ടോ ഓടിച്ച് പട്ടണത്തിൽ പോയാണ് കടയിലേക്കുള്ള സാധനങ്ങൾ വാങ്ങുക.
ഏണി ചാരിയാൽ എത്ര ഉയരമുള്ള മരത്തിലും കയറും, വിറക് വെട്ടാനും കിളയ്ക്കാനും മറ്റ് ജോലികൾക്കുമൊക്കെ അജിം ആസാദ് റെഡിയാണ്. ഇത്തിരിനേരം പോലും വെറുതെ കളയാതെ കഷ്ടപ്പെട്ടതിന്റെ ഫലമാണ് റോഡരികിലെ കടമുറികളും വീടും മറ്റുള്ള സമ്പാദ്യവും. നിഴലായി, തണലായി ബീവി തുടയെല്ലിലെ കാൻസർ തിരിച്ചറിഞ്ഞ ശേഷമാണ് ആലപ്പുഴക്കാരിയായ സുൽഫത്തിനെ പെണ്ണുകണ്ടത്. അസുഖത്തിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും സുൽഫത്തിനും ഈ ബന്ധം മതിയെന്നായി. അജിമിന്റെ ഇടത് കാൽ മുറിച്ച് നീക്കിയ ദിവസം സുൽഫത്ത് ഒത്തിരിക്കരഞ്ഞു.
എന്നാൽ അന്ന് തന്നെ ഒരു തീരുമാനമെടുത്തു. ഇനി കരയുകയില്ലെന്നും അജീമിന് നഷ്ടപ്പെട്ട കാലിന് പകരമായി താൻ മാറുമെന്നും. പുലർച്ചെ 5 മണിക്ക് സുൽഫത്തും അജീമും എഴുന്നേൽക്കും. നിസ്കാരത്തിന് ശേഷം കടയിലേക്ക്... രാവിലെ പഴങ്കഞ്ഞി വില്പനയുണ്ട്. ദൂരത്ത് നിന്നുപോലും പഴങ്കഞ്ഞി തേടി ഇവിടേക്ക് ആളുകളെത്തുംഉച്ചയ്ക്ക് ഊണ്, അത്താഴത്തിന് മറ്റ് വിഭവങ്ങൾ. റോയൽ ബസാർ എന്ന സ്ഥാപനം ഇതോടൊപ്പമുണ്ട്. എല്ലാവിധ സാധനങ്ങളും ഇവിടെ വാങ്ങാൻ ലഭിക്കും. കുലുക്കി സർബത്തും ഐസ്ക്രീമും അടക്കമുള്ളതെല്ലാം ഈ കടയിലുണ്ട്. കേക്ക് നിർമ്മാണ യൂണിറ്റും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. 15 ഇനം ക്രീം കേക്കുകൾ ഇവിടെ നിർമ്മിക്കും. മക്കളായ ദിയ ഫാത്തിമയും സഫ സെറിനും ഉമ്മയെയും വാപ്പയെയും സഹായിക്കാൻ ഒപ്പം കൂടും.