indian-weapon

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങൾ വാങ്ങാൻ തയ്യാറായി 85 രാജ്യങ്ങൾ രംഗത്ത് വന്നതായി റിപ്പോർട്ട്. ഈ രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെ (നയതന്ത്ര കാര്യാലയത്തിലെ വിദഗ്‌ദ്ധൻ)യുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതിനോടകം തന്നെ ചർച്ച നടത്തിയിട്ടുണ്ട്. 2025ന് മുമ്പ് 35000 കോടിയുടെ ആയുധങ്ങൾ നിർമിച്ച് വിതരണം ചെയ്യാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനായി വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാർക്ക് പ്രതിവർഷം 50,000 അമേരിക്കൻ ഡോളർ വരെ ചെലവിടാൻ അനുവാദം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളെക്കുറിച്ച് സ്വന്തം രാജ്യത്തെ പ്രതിരോധ വകുപ്പിനോട് കാര്യങ്ങൾ വിശദീകരിക്കേണ്ടത് അറ്റാഷെമാരുടെ ചുമതലയാണ്. സെമിനാറുകൾ, എക്‌സിബിഷനുകൾ, പഠനക്കളരികൾ, സെമിനാറുകൾ, ലഘുലേഖയിലൂടെയുള്ള പ്രചാരണങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം അറ്റാഷെമാർക്ക് പണം ചെലവഴിക്കാം.

തങ്ങളിൽ നിന്ന് ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ എ കാറ്റഗറിയിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ അറ്റാഷെമാർക്കാണ് പ്രതിവർഷം 50000 ഡോളർ വീതം നൽകാൻ തീരുമാനമായത്. ആയുധം വാങ്ങാൻ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. വിയറ്റ്നാം, തായ്‌ലാൻഡ്, ബഹ്റിൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ചില പടിഞ്ഞാറൻ രാജ്യങ്ങളും ഇന്ത്യയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.അമേരിക്കയും ബ്രിട്ടണും തങ്ങൾക്ക് വേണ്ട പ്രധാന പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നത് സ്വന്തമായി തന്നെയാണെങ്കിലും ഇതിന് വേണ്ട സബ് സിസ്റ്റങ്ങൾ നിർമിക്കാനുള്ള കരാർ നേടിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ലോകത്തെ ഒരു പ്രധാന ആയുധ നിർമാണ കേന്ദ്രമാകാനുള്ള ഒരു ശ്രമമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്. 2025ന് മുമ്പ് 35000 കോടി രൂപയ്‌ക്കുള്ള ആയുധ വ്യാപാരം നടത്തുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം. ഇതിനായി മേക്ക് ഇന്ത്യാ പദ്ധതിക്ക് കീഴിൽ കൂടുതൽ ആയുധ നിർമാണ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ശ്രമവും കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.