തിരുവനന്തപുരം: വികസന പദ്ധതികളോടുള്ള സി.പി.എം സർക്കാരിന്റെ സമീപനം മാറണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. റഷ്യയും ചൈനയും വരെ ഇക്കാര്യത്തിൽ മാറിയെന്നും ഗഡ്‌കരി പറഞ്ഞു. ഒരാഴ്‌ചത്തെ വിശ്രമത്തിനായി കേരളത്തിലെത്തിയ ഗഡ്‌കരി, മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അിമുഖത്തിലാണ് സർക്കാരിനെതിരെ വിമർശം ഉന്നയിച്ചത്.
'കഴിഞ്ഞ അഞ്ച് വർഷം കേന്ദ്രസർക്കാർ 17 ലക്ഷം കോടി രൂപയുടെ ദേശീയപാതാ വികസനപദ്ധതികൾ നടപ്പാക്കി. കേരളം പിന്നിലായത് എന്തുകൊണ്ടെന്നു ചിന്തിക്കണം.
കേന്ദ്രത്തിന്റെ നിഷേധസമീപനം കൊണ്ടല്ല. നിങ്ങളുടെ സങ്കുചിത നിലപാടുമൂലം സ്ഥലമെടുപ്പു വൈകി. 25,000 കോടി രൂപയാണു വാഗ്ദാനം ചെയ്തത്. സ്ഥലമേറ്റെടുപ്പു പൂർത്തിയായാൽ 25,000 കോടി രൂപയും സംസ്ഥാനത്തിനു നൽകാം.
വികസന പദ്ധതികളോട് സിപിഎം സർക്കാരിന്റെ സമീപനം. റഷ്യയും ചൈനയും മാറി. മലയാളികൾക്കു വിദ്യാഭ്യാസമുണ്ട്, സാങ്കേതികവിദ്യ അറിയാം.
പക്ഷേ, അതൊക്കെ വിദേശത്ത് ഉപയോഗിക്കും. കേരളത്തിലില്ല. പട്ടിണി മാറ്റലാണു നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. പുതിയ നിക്ഷേപങ്ങൾ വന്നാലേ മൂലധനം ഉണ്ടാവൂ. മൂലധനം ഉണ്ടായാലേ പദ്ധതികൾ വരൂ. പദ്ധതികൾ വന്നാലേ തൊഴിലവസരം ഉണ്ടാകൂ. അതുണ്ടായാലേ പട്ടിണി മാറ്റാനാകൂ. മുടന്തൻന്യായങ്ങൾ പറഞ്ഞു പദ്ധതികളെ എതിർത്താൽ മലയാളികളുടെ ഇനിയുള്ള തലമുറകളും വിദേശത്തുപോയി പണിയെടുക്കേണ്ടി വരും.
വിഴിഞ്ഞം പദ്ധതി അദാനിയെ ഏൽപിക്കാമെന്നു ഞാൻ നിർദേശിച്ചപ്പോൾ, അദാനി ബിജെപിയാണെന്നായിരുന്നു സിപിഎം ആരോപണം. എങ്കിൽ വേണ്ടെന്നു ഞാനും പറഞ്ഞു.അപ്പോൾ നിലപാട് മാറി. പിപിപി മാതൃകയിലുള്ള നിർമാണത്തെ എല്ലാവരും സ്വീകരിച്ചപ്പോൾ നിങ്ങളാദ്യം എതിർത്തു. അതുകൊണ്ടെല്ലാം നഷ്ടപ്പെടുന്നതു വിലപ്പെട്ട സമയമാണ്. കണ്ണു ദാനം ചെയ്യാം; കാഴ്ചപ്പാട് ദാനം ചെയ്യാനാവില്ലല്ലോ. റോഡ് പണിയാൻ ഭൂമിയില്ലെങ്കിൽ ജലമാർഗവും സ്‌കൈ ബസും നോക്കണം'- ഗഡ്‌കരി പറഞ്ഞു.
കേരളത്തിലെ പദ്ധതികളോട് കേന്ദ്രം നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ടെന്ന ചോദ്യത്തിന് ഗഡ്‌കരിയുടെ മറുപടി ഇപ്രകാരമായിരുന്നു- 'നിങ്ങളുടെ മുഖ്യമന്ത്രി എന്നെ കാണാൻ വന്നപ്പോഴൊന്നും എതിർകക്ഷിയുടെ മുഖ്യമന്ത്രിയെന്ന വിവേചനം കാണിച്ചിട്ടില്ല. എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹം നല്ല സുഹൃത്താണ്. നല്ല പദ്ധതി കൊണ്ടുവരൂ. എല്ലാ പിന്തുണയും ഇനിയും ഉണ്ടാവും, പണവും തരാം'.