കൊച്ചി:കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തെത്തി. കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമർശനം. പ്രതികളുടെ ജാമ്യഹർജി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇത്തരമൊരു ആവശ്യം ഉന്നയിച്ച പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ചു. അനാവശ്യ കാരണങ്ങൾ പറഞ്ഞ് ജാമ്യ ഹർജികൾ നീട്ടാൻ കഴിയില്ല. ഹർജിയിലെ തീർപ്പിൽ എതിർപ്പുണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
അതേസമയം, ജാമ്യഹർജികൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനും പൊലീസിനും വീഴ്‌ചയുണ്ടെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഡയറക്‌ടർ ജനറലിന്റെ ഓഫീസിലെ ചിലർക്ക് രഹസ്യ അജൻഡയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസ് സംബന്ധിച്ച വിവരങ്ങൾ പ്രോസിക്യൂട്ടർമാർക്ക് ഉദ്യോഗസ്ഥർ എത്തിക്കുന്നില്ല. യഥാസമയം ഡി.ജി.പി ഓഫീസ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുന്നില്ല. ഇത് തികഞ്ഞ് കൃത്യ വിലോപമാണ്. ഡി.ജി.പിയോ എ.ഡി.ജി.പിയോ ഇന്ന് തന്നെ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ നില തുടർന്നാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്നും കോടതി പറഞ്ഞു.