ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പ്രതിരോധ സേനയ്ക്ക് അന്തിമ രൂപം നൽകി നരേന്ദ്ര മോദി സർക്കാർ. ബഹിരാകാശത്ത് ഉണ്ടാകാനിടയുള്ള ഭീഷണികളെയും യുദ്ധങ്ങളെയും ചെറുക്കാനായി പ്രത്യേക പടക്കോപ്പുകളും സാങ്കേതികവിദ്യയും ബഹിരാകാശ സേന വികസിപ്പിച്ചെടുക്കും. ഇന്ത്യൻ ബഹിരാകാശ സാറ്റലൈറ്റുകൾക്കും ഉപകരണങ്ങൾക്കും ബാഹ്യശക്തികളിൽ നിന്നും ആവശ്യമായ സംരക്ഷണം നൽകാനും ഈ സേനയെ ഇന്ത്യ ഉപയോഗപ്പെടുത്തും.
'സ്പേസ് വാറുകൾ ഉണ്ടാകാനുള്ള സാധ്യതയെയും, ബഹിരാകാശത്ത് നിന്നുമുള്ള ഭീഷണികളെയും നേരിടാൻ ഈ ഡിഫെൻസ് സ്പേസ് ഏജൻസിയിലൂടെ ഇന്ത്യയ്ക്ക് സാധിക്കും.' ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറയുന്നു.
ഇതിനായി ഇന്ത്യ ഒരു ബഹിരാകാശ പ്രതിരോധ കേന്ദ്രത്തെയും രൂപീകരിക്കും. ആയുധങ്ങൾ വികസിപ്പിച്ചെടുക്കുകയും ഈ മേഖലയിൽ ഗവേഷണം നടത്തുകയുമാവും ഈ സ്ഥാപനത്തിന്റെ ചുമതല. കര, നാവിക, വ്യോമ സേനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാകും ബഹിരാകാശ പ്രതിരോധ സേനയുടെ ഭാഗമാകുക.
മാസങ്ങൾക്ക് മുൻപ് നടന്ന ഇന്ത്യയുടെ ഉപഗ്രഹവേധ പരീക്ഷണത്തിന് ശേഷമാണ് മോദി സർക്കാർ ഇങ്ങനെയൊരു പ്രതിരോധ സേനയുടെ സാധ്യതകൾ അന്വേഷിക്കുന്നത്. ഈ പരീക്ഷണത്തിൽ ഇന്ത്യ വിജയകരമായി ഭ്രമണപഥത്തിലുള്ള ഒരു ഉപഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് തകർത്തിരുന്നു. ഇതിലൂടെ ഈ ദൗത്യം സാധ്യമാക്കിയ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിക്കുകയും ചെയ്തു.
കഴിഞ്ഞ മോദി സർക്കാരിന്റെ സമയത്ത് ഇങ്ങനെയൊരു ഏജൻസി രൂപീകരിക്കാൻ പദ്ധതിയുണ്ടായിരുന്നു. ഇതിനെകുറിച്ച് കേന്ദ്ര മന്ത്രിസഭയിൽ ചർച്ചയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഈ പദ്ധതി അനിശ്ചിതത്വത്തിലാകുകയായിരുന്നു. ദേശീയ സുരക്ഷാ ഏജൻസി തലവൻ അജിത് ഡോവൽ അധ്യക്ഷനായ ഡിഫൻസ് പ്ലാനിങ് കമ്മിറ്റിയും ഇതേ കാര്യം ചർച്ച ചെയ്തിരുന്നു.