money

പെട്ടെന്ന് കാശിന് ആവശ്യം വരുന്ന നിരവധി സാഹചര്യങ്ങൾ പലപ്പോഴും പലർക്കും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥകളിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ളവരാണെങ്കിൽ ഇ.പി.എഫിനെ ആശ്രയിക്കാവുന്നതാണ്. ഇന്ത്യയിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സാമൂഹിക സുരക്ഷിതത്വ പദ്ധതി എന്ന നിലയിൽ എംപ്ലോയീസ്‌ പ്രോവിഡന്റ് ഫണ്ട്(ഇ.പി.എഫ്)​ ശ്രദ്ധേയമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ നടപ്പാക്കുന്ന പദ്ധതി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പോലുള്ള സ്ഥാപനങ്ങൾക്ക് ഇളവുണ്ടെങ്കിലും ഇരുപതോ അതിലധികമോ ജീവനക്കാരുണ്ടെങ്കിൽ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം നിർബന്ധമാണ്.

ജീവനക്കാരൻ കുറഞ്ഞത് അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് എല്ലാ മാസവും പി.എഫിലേക്ക് അടയ്ക്കേണ്ടത്. അതേ തുകതന്നെ തൊഴിൽ ദാതാവും നിശ്ചിത വിഹിതമായി പ്രതിമാസം നൽകും. റിട്ടയർമെന്റ്, പെൻഷൻ ആവശ്യങ്ങൾക്കാണ് പൊതുവേ തുക മുതൽക്കൂട്ടാകുന്നതെങ്കിലും നിക്ഷേപം നിശ്ചിത കാലയളവുകൾ പൂർത്തിയായിട്ടുണ്ടെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ പിൻവലിക്കാനാകും.

അതേസമയം,​ നിക്ഷേപം നിശ്ചിത കാലയളവ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ സ്വന്തം വിവാഹം, മക്കളുടെ വിവാഹം, വീടുപണി, ചികിത്സാവശ്യങ്ങൾ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഫണ്ടിൽ നിന്ന് ഉപാധികളോടെ നിശ്ചിത തുക പിൻവലിക്കാനാകും. ഇപ്പോൾ കാലതാമസമില്ലാതെ ഓൺലൈനിലൂടെ നിക്ഷേപം പിൻവലിക്കുന്നതിന് അവസരമുണ്ട്. ഇ.പി.എഫ്.ഒ. വെബ്‌സൈറ്റിലൂടെയാണ് പി.എഫ് അംഗത്തിന് നേരിട്ട് നിക്ഷേപം പിൻവലിക്കാൻ കഴിയുന്നത്.

ഇതിന് ആക്ടീവ് യു.എ.എൻ(യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ), യു.എ.എൻ ആക്ടീവാക്കാന്നുതിന് ഉപയോഗിച്ച മൊബൈൽ നമ്പർ (പ്രവർത്തിക്കുന്നതായിരിക്കണം), ആധാർ, പാൻ തുടങ്ങിയ കെ.വൈ.സി രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവ നിർബന്ധമാണ്.