തിരുവനന്തപുരം: അതിഥികളെ പരിചരിക്കുന്നതിൽ നമ്മൾ മലയാളികൾ എന്നും മുൻപന്തിയിലാണ്. വീട്ടിൽ വരുന്ന അതിഥികളെ നന്നായി സൽക്കരിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ. എന്നാൽ അധികാരമേറ്റ് മൂന്ന് വർഷത്തിനുള്ളിൽ പിണറായി സർക്കാർ അതിഥികളെ സൽക്കരിക്കാൻ ചെലവഴിച്ച തുക കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരുകോടി രൂപയ്ക്കടുത്താണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൂടി ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം പൊതുഭരണ അക്കൗണ്ട്സ് വകുപ്പ് നൽകിയതാണ് ഈ കണക്ക്.
അതിഥി സൽക്കാരത്തിനായി ആകെ ചെലവായത് 99,66,665 രൂപയാണ്. ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് . 26 ലക്ഷത്തിൽ കൂടുതലാണ് അതിഥി സൽക്കാരത്തിന് വേണ്ടി മാത്രം മുഖ്യമന്ത്രി ചെലവഴിച്ചത്. വകുപ്പ് മന്ത്രിമാരിൽ 690,568 രൂപ ചെലവഴിച്ച കൃഷിമന്ത്രി വി.എസ് സുനിൽ കുമാറാണ് മുന്നിൽ.