ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അതിത് ഷാ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ സ്ഥാനം ഒഴിയുക മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുക. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബി.ജെ.പി ഭാരവാഹികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച ചർച്ചകളും ഇതിനൊപ്പം നടന്നു. ഇതിനായുള്ള പാർട്ടിയിലെ ആഭ്യന്തര തിരഞ്ഞെടുപ്പ് ഡിസംബറിൽ അവസാനിക്കും.
ഡൽഹിയിലുള്ള ബി.ജെ.പി ആസ്ഥാനത്ത് വച്ച് ജൂൺ ഒൻപതിനാണ് കൂടിക്കാഴ്ചകൾ നടന്നത്. ഇതുകൂടാതെ പാർട്ടിയുടെ ഈ സംസ്ഥാനങ്ങളിലുള്ള അധ്യക്ഷന്മാരുമായും അമിത് ഷാ വെവ്വേറെ ചർച്ചകൾ നടത്തിയിരുന്നു. ഈ വർഷം അവസാനമാണ് ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പയറ്റാൻ പോകുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും മറ്റുമാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.
നിലവിൽ ഈ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിജയസാധ്യത്തെക്കുറിച്ചും ഉപയോഗിക്കാനാകുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും അമിത് ഷാ നേതാക്കളോട് ആരാഞ്ഞു എന്നാണു സൂചന. നിലവിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരിക്കുന്ന ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ പ്രധാന എതിരാളി കോൺഗ്രസ് ആണ്. എന്നാൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പ്രതിപക്ഷ സഖ്യത്തെയാണ് ബി.ജെ.പി എതിരിടുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മൊത്തം ജനങ്ങളുടെയും താൽപ്പര്യങ്ങളാണ് ബി.ജെ.പി. കണക്കിലെടുത്തതെങ്കിൽ ഓരോ സംസ്ഥാനങ്ങളിലേയും ജനങ്ങളെ മുന്നിൽകണ്ടാണ് ബി.ജെ.പി ഇത്തവണ പൊരുതാനിറങ്ങുന്നത്.