പട്ന: ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മാതാപിതാക്കളുടെ ജീവിതം പിന്നെ അവനോ അല്ലെങ്കിൽ അവൾക്കോ വേണ്ടിയായിരിക്കും. സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച് മക്കൾക്കായി ജീവിക്കും. ഒന്നും തിരിച്ച് പ്രതിക്ഷിക്കാത്ത,പവിത്രമായ സ്നേഹമുണ്ടെങ്കിൽ അത് മാതാപിതാക്കളുടെയാണ്. എന്നാൽ സ്വന്തം കാലിൽ നിന്ന് കഴിഞ്ഞാൽ മിക്ക മക്കൾക്കും മാതാപിതാക്കൾ ഒരു ഭാരമാണ്. വൃദ്ധസദനങ്ങളിലൊ മറ്റോ നടതള്ളും. ദിനംപ്രതി ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ പൂട്ടാൻ ബീഹാർ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് തടവ് ശിക്ഷ ഉൾപ്പെടെ നൽകണമെന്ന സോഷ്യൽ വെൽഫെയർ വിഭാഗത്തിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. മാതാപിതാക്കൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമയമില്ലാ വകുപ്പ് പ്രകാരമാണ് മക്കൾക്കെതിരെ കേസെടുക്കുക.