ambili-devi-ganesh-kumar

മലയാള ടെലിവിഷൻ താരങ്ങളുടെ സംഘടനയായ അത്മയുടെ യോഗത്തിൽ വച്ച് തങ്ങൾക്കെതിരെ നടന്ന അപകീർത്തികരമായ പ്രസംഗത്തിൽ ഏറെ വിഷമമമുണ്ടെന്ന് നടി അമ്പിളി ദേവി. ആത്മയിൽ നിന്ന് അമ്പിളി ദേവിയുടെ ഭർത്താവും നടനുമായ ആദിത്യനെ പുറത്താക്കണമെന്ന് നടി ജീജ സുരേന്ദ്രൻ ആവശ്യപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് ഫേസ്‌ബുക്കിലൂടെയുള്ള അമ്പിളിയുടെ കുറിപ്പ്.

തനിക്കോ തന്റെ ഭർത്താവിനോ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ഒരു ചാനൽ പ്രോഗ്രാമിൽ വിവാഹ ആശംസകൾ പറയുന്ന രീതിയിൽ തങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ ജീജ സംസാരിച്ചപ്പോൾ അതിന്റെ മറുപടി പറയുക മാത്രമാണ് ചെയ്‌തതെന്നുമാണ് അമ്പിളിയുടെ വിശദീകരണം.

അമ്പിളി ദേവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

'ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തിൽ.ശാരീരികമായ ചില വിഷമതകൾ കാരണം കഴിഞ്ഞ മീറ്റിംഗിൽ ഞങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവർത്തകയാണ് എന്നെ കേൾപ്പിച്ചത്.

പിന്നീട് ഒരുപാട് സഹപ്രവർത്തകർ മീറ്റിംഗിൽ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു.ഒരു സംഘടനാ മീറ്റിങ്ങിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ സംഘടനയുടെ തുടക്കം മുതൽ അതിൽ ഉള്ള ഒരു അംഗം ആണ്.സംഘടനയുമായി എനിക്കോ എന്റെ ഭർത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ല.

എന്റെ ഭർത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവർത്തകരും യാതൊരു പരാതിയും സംഘടനയിൽ പറഞ്ഞിട്ടില്ല.ഒരു വർക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനൽ പ്രോഗ്രാമിൽ വിവാഹ ആശംസകൾ പറയുന്നരീതിയിൽ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അതിന്റെ മറുപടി ആയി എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് ജനങ്ങൾ കണ്ടതാണ്.

ഞങ്ങൾക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടനാ പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാർ, ഞങ്ങൾ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീർത്തിപ്പെടുത്താൻവേണ്ടി മനപ്പൂർവ്വം ഞങ്ങൾ ഒരു ചാനൽ പ്രോഗ്രാമിലും പോയിട്ടില്ല.പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയിൽ എന്റെ ഭർത്താവ് പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്.

ഞങ്ങൾക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ട്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവർക്കും നല്ലത് വരട്ടെ.. പല ഓൺലൈൻ മാധ്യമങ്ങളും തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്‌കൊണ്ടാണ് ഈ ന്യൂസ് പോസ്റ്റ് ചെയ്യുന്നത്'.

ഒരു സ്വകാര്യ ചാനലിന് നൽകിയ അിമുഖത്തിലാണ് ആദിത്യനും അമ്പിളിക്കും ആശംസകൾ നേരവെ ജീജയിൽ നിന്ന് വിവാദപരാമർശമുണ്ടായത്. ഭാവിയിൽ സിനിമാ സീരിയൽ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം നിങ്ങൾ കഴിക്കരുത്. ജീവിതത്തിൽ തീർച്ചയായും അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായ ഘടകമാണ്'- എന്നാണ് ജീജ പറഞ്ഞത്. ഇതിന് ആദിത്യൻ നൽകിയ മറുപടി ഇപ്രകാരമായിരുന്നു- ' 2009 മുതൽ ഞാൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവർക്ക്. അമ്പിളിക്ക് ചിലപ്പോൾ പേടിയുണ്ടാകും പക്ഷെ എനിക്കില്ല. ഈ പറഞ്ഞത് ആശംസയാണോ, ഇതിലും ഭേദം ഒരു റീത്ത് വച്ചാൽ പോരായിരുന്നോ. അവരുടെ ഉള്ളിലെ നെഗറ്റീവ് ആണ് പുറത്ത് വന്നത്'.