തൃശൂർ: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂൺ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാർട്ടൂണാണ് വിവാദമായത്. "ശ്രീ. എ. സതീഷ് കുമാറിന്റെ 'സുഖമീ യാത്ര' എന്ന കാർട്ടൂണിനും കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണന്റെ 'പുലിപ്പാൽ' എന്ന രചനയ്ക്കും കാർട്ടൂണ്‍ ഓണറബിൾ മെൻഷൻ പുരസ്‌കാരം ജൂറിയുടെ തീരുമാനപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി.
സംസ്ഥാന സർക്കാരിന് കീഴിലെ അക്കാദമികൾ എല്ലാം സ്വതന്ത്രമായ രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരുവിധത്തിലുള്ള ഇടപെടലുകളും സർക്കാർ നടത്താറില്ല. അവാർഡ് നിർണയം പോലെയുള്ള സുപ്രധാനമായ പരിപാടികളും ഏറ്റവും നിക്ഷ്പക്ഷവും സുതാര്യവുമായാണ് നടത്തിവരുന്നത്.
ഈ വർഷത്തെ ലളിതകലാ അക്കാദമിയുടെ കാർട്ടൂണ്‍ പുരസ്‌കാരം ലഭിച്ച കെ കെ സുഭാഷിന്റെ വിശ്വാസം രക്ഷതി എന്ന കാര്‍ട്ടൂണിനെ സംബന്ധിച്ച് ചില വിമർശനങ്ങൾ ഉയർന്നുവന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക മതപ്രതീകങ്ങളെ അവഹേളിക്കുന്ന രീതിയിലും പ്രകോപനപരവുമായാണ് പ്രസ്തുത കാർട്ടൂണിൽ ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് ആക്ഷേപത്തിന്റെ കാതലായ ഭാഗം. അത്തരമൊരു ആക്ഷേപം ഉയർന്നുവന്നതിനെ തുടർന്ന് സർക്കാർ ഇക്കാര്യം പരിശോധിക്കുകയുണ്ടായി"- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സംഭവത്തിൽ പ്രതികരണവുമായി കേരള കാർട്ടൂൺ അക്കാദമിയും രംഗത്തെത്തിയിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ അവാർഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്. അവാർഡ് നിർണയിച്ചത് കേരളത്തിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകൾ ഉൾപ്പെട്ട സമിതിയാണ്.അത് അംഗീകരിക്കേണ്ടത് കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയാണ്. വിമർശനകലയായ കാർട്ടൂണിന്റെ കൈ കെട്ടിയാൽ അതിന്റെ അർത്ഥം തന്നെ നഷ്ടമാകുമെന്നും കാർട്ടൂൺ അക്കാദമി സെക്രട്ടറി തോമസ് ആന്റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, കാർട്ടൂൺ മതവികാരം വ്രണപ്പെടുത്തിയെന്ന് കത്തോലിക്ക സഭ ആരോപിച്ചു. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പ്രതികരിച്ചിരുന്നു.