ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി 'ക്രിക്കറ്റ് ദൈവം' സച്ചിൻ ടെണ്ടുൽക്കർ. മാലിദ്വീപ് സന്ദർശിച്ച് പ്രധാനമന്ത്രി അവിടുത്തെ പ്രസിഡന്റായ ഇബു സൊലിഹിന് ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഒപ്പിട്ട ഒരു ബാറ്റ് സമ്മാനിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് സച്ചിൻ മോദിയെ പുകഴ്ത്തിയത്. മാത്രമല്ല. തന്റെ ലോകകപ്പിന്റെ സമയത്ത് 'ക്രിക്കറ്റ് നയതന്ത്രം' ഉപയോഗിച്ച് മോദി മാതൃകയായതിനും സച്ചിൻ തന്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു.
'പ്രധാന മന്ത്രി നരേന്ദ്ര മോദിജി, താങ്കൾ ക്രിക്കറ്റിന് നൽകുന്ന പ്രചാരണത്തിന് ഞാൻ നന്ദി പറയുന്നു. ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്തുള്ള ഈ നീക്കം ക്രിക്കറ്റ് നയതന്ത്രത്തിന്റെ നല്ലൊരു ഉദാഹരണമാണ്. മാലിദ്വീപിനെയും ഇനി ക്രിക്കറ്റ് ഭൂപടത്തിൽ കാണാം എന്ന് പ്രതീക്ഷിക്കുന്നു.' സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചു. മാലിദ്വീപ് സന്ദർശനത്തെ കുറിച്ചുള്ള മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സച്ചിൻ തന്റെ നന്ദി അറിയിച്ചത്.
ജൂൺ 9നാണ് പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിക്കുന്നത്. പ്രസിഡന്റ് ഇബു സൊലിഹിനെയും സന്ദർശിച്ച മോദി ക്രിക്കറ്റ് ആരാധകനായ അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് സമർപ്പിക്കുന്നതായി പറഞ്ഞ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും മോദി പങ്കുവച്ചു.
മാലിദ്വീപിൽ ക്രിക്കറ്റിന് പ്രചാരണം നൽകുക എന്നുള്ളത് ഇബു സൊലിഹിന്റെ സ്വപ്നമാണെന്നും അതിനായി വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്നും മോദി ഉറപ്പ് നൽകിയിരുന്നു. മാലിദ്വീപിൽ ഒരു സ്റ്റേഡിയം നിർമ്മിക്കുന്നതിനെക്കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു.