ന്യൂഡൽഹി:കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ബി.ജെ.പി പാർലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ്. രാജ്നാഥ് സിംഗായിരിക്കും ലോക്സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രി തവാർചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവുമാകും.
പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്. കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും. അർജുൻ രാം മേഘ്വാൾ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്‌സഭയിലെ ബി.ജെ.പി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനേയും രാജ്യസഭയിലെ പാർട്ടി ചീഫ് വിപ്പായി നാരയൺ ലാൽ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.