assamese-dance

ന്യൂഡൽഹി: നൃത്ത പരിപാടി അവതരിപ്പിക്കാനായി എത്തിയ യുവതികളുടെ വസ്ത്രം ഉരിയാൻ നിർബന്ധിച്ച് ആൾക്കൂട്ടം. അസമിലെ കാമരൂപ് ജില്ലയിലെ അഞ്ഞൂറോളം പേർ ഉൾപ്പെട്ട കൂട്ടമാണ് പൊതുജനമധ്യത്തിൽ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചത്. ഇവിടെ ഒരു സാംസ്കാരിക പരിപാടി നടക്കുകയായിരുന്നു. തങ്ങൾ നഗ്നനൃത്തം കാണുന്നതിന് വേണ്ടിയാണ് ഇവിടെ എത്തിയതെന്നാണ് ആൾക്കൂട്ടം ആക്രോശിച്ചത്.

ഇതിനെ തുടർന്നാണ് യുവതികളുടെ വസ്ത്രം അഴിക്കാൻ ശ്രമം നടന്നത്. കഷ്ടിച്ചാണ് ആൾക്കൂട്ടത്തിൽ നിന്നും യുവതികൾ വാഹനത്തിൽ കയറി രക്ഷപെട്ടത്. ഇവരുടെ വാഹനത്തിന് നേരെ ആക്രമികൾ കല്ലെറിയുകയും ചെയ്തു. പരിപാടിയുടെ സംഘാടകർ ഉയർന്ന നിരക്കിലാണ് ടിക്കറ്റുകൾക്ക് വില ഈടാക്കിയതെന്നും നഗ്നനൃത്തമാണ് നടക്കാൻ പോകുന്നതെന്ന് ഇവർ പരസ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

പരിപാടിയുടെ സംഘാടകർക്കെതിരെ ഡാൻസ് ട്രൂപ്പ് അംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ അസം പൊലീസ് ഇതുവരെ രണ്ട് പേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. ഷാരൂഖ് ഖാൻ, സുബാൻ ഖാൻ എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. തങ്ങൾ സംഭവം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്ന് തിരക്കുമെന്നും പൊലീസ് പറയുന്നു.