ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ (പി.എൻ.ബി) നിന്ന് 13000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും കോടതി തള്ളി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടി ലണ്ടൻ ഹൈക്കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യംചെയ്തുകൊണ്ട് നീരവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, 2018 ജനുവരിയിൽ ലണ്ടനിലെത്തുമ്പോൾ തനിക്കെതിരെ കുറ്റമൊന്നും ചുമത്തപ്പെട്ടില്ലെന്നും ബ്രിട്ടനിലെ നിയമങ്ങൾ പാലിച്ചും നികുതി അടച്ചുമാണ് ജീവിക്കുന്നതെന്നും മോദി വാദിച്ചെങ്കിലും വിധി പ്രതികൂലമാകുകയായിരുന്നു.
ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരമാണ് ഇക്കഴിഞ്ഞ മാർച്ച് 19ന് ലണ്ടനിൽ ഇയാളെ അറസ്റ്റ്ചെയ്തത്. തുടർന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ ജയിലിൽ അടയ്ക്കുകയായിരുന്നു. പി.എൻ.ബി തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പായിരുന്നു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും 2018 ജനുവരിയിൽ രാജ്യംവിട്ടത്.