modi-imran

ന്യൂഡൽഹി: പാകിസ്ഥാന് മുകളിലൂടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനയാത്ര ഒഴിവാക്കി വിദേശകാര്യമന്ത്രാലയം. ഷാംഗ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി കിർഗിസ്ഥാനിലെ ബിഷ്‌കെക്കിലേയ്‌ക്ക്, പാകിസ്ഥാന് മുകളിലൂടെയുള്ള യാത്രയാണ് വിദേശകാര്യമന്ത്രാലയം വേണ്ടെന്ന് വച്ചത്. മോദിയുടെ യാത്രയ്‌ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസ്‌താൻ കഴിഞ്ഞ ദിവസം അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ തീരുമാനം.

ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ തുടർന്ന് 11 വ്യോമപാതകളിൽ ഒമ്പതെണ്ണവും പാകിസ്ഥാൻ അടച്ചിരുന്നു. മോദിയുടെ യാത്രയ്ക്ക് പാകിസ്‌താന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ ആവശ്യപ്രകാരം 'തത്വത്തിൽ അനുമതി നൽകിയ'തായി കഴിഞ്ഞ ദിവസം പാകിസ്‌താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് വിദേശകാര്യമന്ത്രാലയം തീരുമാനം മാറ്റുകയായിരുന്നു. പാകിസ്‌താന് മുകളിലൂടെ പറക്കുന്നതിനു പകരം ഒമാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാനാണ് ഇപ്പോഴുള്ള തീരുമാനം.

പാകിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് ഇന്ത്യ റദ്ദാക്കിയത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻനഷ്‌ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ട‌മുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഷാംഗ്ഹായ് ഉച്ചകോടിയിൽ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കുന്നുണ്ട്. എന്നാൽ ഇമ്രാനുമായി ഒരുതരത്തിലുള്ള ചർച്ചയ്‌ക്കും തയ്യാറല്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.