കൊൽക്കത്ത: ബംഗാളിലെ ലാൽബസാറിൽ പൊലീസ് ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ അക്രമം. പിരിഞ്ഞുപോകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രകടനം തുടർന്നതോടെ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസിനു നേർക്ക് കല്ലുകളും കുപ്പിച്ചില്ലുകളും എറിയുകയും ചെയ്തു.
തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ബി.ജെ.പി - തൃണമൂൽ സംഘർഷം സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. ഇരുവിഭാഗത്തിൽ നിന്നും നിരവധി പ്രവർത്തകരാണ് ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. അതേസമയം, മമതാ ബാനർജി കാരണമാണ് ബംഗാളിൽ അക്രമങ്ങൾ അരങ്ങേറുന്നതെന്നും അനാവശ്യ പ്രസ്താവനകൾ നടത്തുന്നത് മമത ഒഴിവാക്കണമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർജിയ ആവശ്യപ്പെട്ടു. ബി.ജെ.പി രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാൽ ബംഗാളിൽ മാത്രമാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. അതിനു കാരണം മമതയാണ്- വിജയവർജിയ കുറ്റപ്പെടുത്തി.
തുടർച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.