റിയാദ്: സൗദി അറേബ്യയിലെ അഭാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. യെമൻ, സൗദി എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു സ്ത്രീകളും സൗദി വംശജരായ രണ്ടു കുട്ടികളും പരിക്കേറ്റവരിലുണ്ട്. പരിക്കേറ്റ ഇന്ത്യക്കാരിയെക്കുറിച്ച് കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം.
ആക്രമണത്തിൽ വിമാനത്താവളത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാക്കി പറഞ്ഞു. പരിക്കേറ്റവരിൽ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് വിമാനത്താവളത്തിൽത്തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. വിമാനത്താവളത്തിൽ പതിച്ച മിസൈൽ ഏതു തരത്തിലുള്ളതാണെന്ന് സുരക്ഷാസേന പരിശോധിച്ചുവരികയാണ്. അതേസമയം, ആക്രമണത്തിന് ഉപയോഗിച്ചത് ക്രൂയിസ് മിസൈലാണെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും ഇറാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൂതി സംഘടന സാമൂഹ്യമാദ്ധ്യമം വഴി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഹൂതികൾക്ക് പുതിയ തരം ആയുധങ്ങൾ ഇറാൻ നൽകുന്നതിനും അതിർത്തി കടന്നുള്ള ഭീകരവാദപ്രവർത്തനത്തിന് ഇറാൻ നേതൃത്വം വഹിക്കുന്നതിനും ശക്തമായ തെളിവാണ് സൗദിയിലെ ആക്രമണമെന്ന് അൽമാക്കി കുറ്റപ്പെടുത്തി. ആക്രമണത്തെക്കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല.
ഇറാൻ വീണ്ടും പ്രതിപ്പട്ടികയിൽ
ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്‌മതയോടെയാണ് പരിശോധിക്കുന്നത്. തങ്ങളുടെയോ സഖ്യകക്ഷികളുടെയോ നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്ക പ്രദേശത്ത് സൈനിക വിന്യാസം നടത്തുകയും ചെയ്‌തിട്ടുണ്ട്.
''സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിടുന്ന ഹൂതികളുടെ നടപടി കടുത്ത യുദ്ധക്കുറ്റമായി കണക്കാക്കും. ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. ഹൂതികളുടെ കിരാത നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടൻ ഉണ്ടാകും."- കേണൽ തുർക്കി അൽമാക്കി, സഖ്യസേനാ വക്താവ്