റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു. ഒരു സ്ത്രീയും കുട്ടിയുമുൾപ്പെടെ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിപ്പിൽ പറയുന്നു. ഏത് തരത്തിലുള്ള മിസൈലാണ് ആക്രമത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഏതാണ്ട് അഞ്ചോളം മിസൈലുകൾ വിമാനത്താവളത്തിന് നേരെ വന്നുവെന്നാണ് വിവരം. യെമനിലെ ഹൂതി വിമതർക്ക് ഇറാനിൽ നിന്നും അത്യാധുനിക മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ ലഭിച്ചതിനുള്ള ഉദാഹരമാണ് ഇപ്പോഴത്തെ ആക്രമണമെന്നും സൗദി സഖ്യസേന ബുധനാഴ്‌ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ ക്രൂസ് മിസൈൽ സൗദി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറാക്കിയെന്ന് ഹൂതി അനുകൂല ടെലിവിഷൻ ചാനലായ മസീറാ ടി.വി അവകാശപ്പെട്ടു.
യെമന്റെ തലസ്ഥാനമായ സനായുൾപ്പെടെ രാജ്യത്തിന്റെ സിംഹഭാഗവും ഭരിക്കുന്ന ഹൂതി വിമതരുടെ രണ്ട് ഡ്രോണുകളെ കണ്ടെത്തി തകർത്തതായി കഴിഞ്ഞ ദിവസം സൗദി അറേബ്യ അവകാശപ്പെട്ടിരുന്നു. സൗദിയുടെ തെക്കൻ പ്രദേശമായ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി കണ്ടെത്താനും അവയെ തകർക്കാനും കഴിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ തങ്ങൾ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർബേസ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇത് ഏകദേശം വിജയിച്ചതായും ഹൂതി വിമതന്മാർ അവകാശപ്പെട്ടു. സൗദി സഖ്യസേന യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിലെ പ്രതികാരമെന്നോണമാണ് ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കി. അതേസമയം,ഷിയാ ഭൂരിപക്ഷ പ്രദേശമായ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനിടെ ഉണ്ടായ സംഭവ വികാസങ്ങൾ അന്താരാഷ്ട്ര സമൂഹം സൂക്ഷ്‌മതയോടെയാണ് പരിശോധിക്കുന്നത്. തങ്ങളുടെയോ സഖ്യകക്ഷികളുടെയോ നേർക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ അമേരിക്ക പ്രദേശത്ത് സൈനിക വിന്യാസം നടത്തുകയും ചെയ്‌തിട്ടുണ്ട്.