av-anoop

കൊച്ചി: പൂർണമായും കൈകൊണ്ട് നിർമ്മിക്കുന്ന, ജനപ്രിയ ആയുർവേദ സോപ്പായ മെഡിമിക്‌സിന്റെ നിർമ്മാതാക്കൾ എ.വി.എ ഗ്രൂപ്പ് 50-ാം വാർഷിക നിറവിൽ. മലയാളിയും ഇന്ത്യൻ റെയിൽവേയിൽ ഡോക്‌ടറുമായിരുന്ന വി.പി. സിദ്ധൻ 1969ലാണ് ചെന്നൈയിൽ മെഡിമിക്‌സ് സോപ്പിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 2007ൽ, അദ്ദേഹത്തിന്റെ അനന്തരവൻ ഡോ.എ.വി. അനൂപിന്റെ നേതൃത്വത്തിൽ എ.വി.എ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു.

ഇപ്പോൾ സോപ്പിന് പുറമേ ഹാൻഡ് വാഷ്, സോപ്പ് ശ്രേണിയിൽ ഗ്ളിസറിൻ, ചന്ദന വേരിയന്റുകൾ, എഫ്.എം.സി.ജി മേഖലയിൽ കെയ്‌ത്ര, ഭക്ഷ്യോത്‌പന്ന രംഗത്തെ മേളം ബ്രാൻഡുകളും ഗ്രൂപ്പിനുണ്ട്. ദക്ഷിണേന്ത്യയാണ് എ.വി.എ ഗ്രൂപ്പിന് കീഴിലുള്ള മെഡിമിക്‌സിന്റെ വിപണി. തമിഴ്‌നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലായി ആറു പ്ളാന്റുകളുണ്ട്. ഹാൻഡ്-മെയ്ഡ് സോപ്പ് വിഭാഗത്തിലും ആയുർവേദ വിഭാഗത്തിലും മെഡിമിക്‌സ് മാർക്കറ്റ് ലീഡറാണെന്നും ഡോ. എ.വി. അനൂപ് പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞവർഷം 300 കോടി രൂപയായിരുന്നു ഗ്രൂപ്പിന്റെ വിറ്റുവരവ്. 2020ൽ ഇത് 500 കോടി രൂപയിലെത്തും. മൂന്നുവർഷം മുമ്പ് ഗ്രൂപ്പ് ഏറ്റെടുത്ത മേളത്തിന്റെ വിറ്റുവരവ് 30 കോടി രൂപയിൽ നിന്ന് ഈവർഷം 50 കോടി രൂപയിലെത്തും. രണ്ടുവർഷത്തിനകം ബോഡിവാഷ്, ഷാംപൂ, ഹെയർ ഓയിൽ എന്നിവയും വിപണിയിലെത്തിക്കും.

ആയുർവേദത്തെ പുതിയ തലത്തിലേക്ക് ഉയർത്താൻ ഗ്രൂപ്പ് കാക്കനാട് നിർമ്മിച്ച സഞ്ജീവനം ആയുർവേദ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള കമ്പനിയായി നിലനിൽക്കുകയാണ് എ.വി.എ ഗ്രൂപ്പിന്റെ ലക്ഷ്യം. 50-ാം വാർഷികത്തിന്റെ ഭാഗമായി, പ്ളാന്റുകൾ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഒരുവർഷം നീളുന്ന 50-ാം വാർഷികം സഹോദര ഗ്രൂപ്പായ ചോലയിലുമായി ചേർന്നായിരിക്കും ആഷോഘിക്കുകയെന്നും ഡോ. അനൂപ് പറഞ്ഞു. ഡയറക്‌ടർ വിവേക് വേണുഗോപാലും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.